Skip to main content

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം : തീ അണയ്ക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണം; പാലിന്റെ ഗുണനിലവാരം പരിശോധിക്കണം

 

വാഹനങ്ങളിലും കടകളിലും തീപിടുത്തമുണ്ടായാല്‍ അണയ്ക്കുന്നതിനുളള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹോട്ടലുകളിലും തട്ടുകടകളിലും ഉപയോഗിക്കുന്ന പാലിന്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിന് കര്‍ശന പരിശോധന നടത്തണമെന്നും കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.  2018 ലെ പ്രളയത്തില്‍ ആറ്റില്‍ അടിഞ്ഞുകൂടിയ മണ്ണ് ശേഖരിച്ച് കോഴഞ്ചേരി സ്റ്റേഡിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം.  സ്റ്റേഡിയത്തിന് സമീപം ഹോമിയോ ആശുപത്രി അടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവത്തിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാകണം.  പത്തനംതിട്ടയില്‍ നിന്നും എറണാകുളം അമൃത ആശുപത്രി വരെ പോകുന്ന കെഎസ്ആര്‍ടിസി ബസ് കോവിഡ് സമയത്ത് നിര്‍ത്തലാക്കിയത് പുനരാരംഭിക്കണം.
റോഡിലേയ്ക്ക് ഇറക്കിവച്ചിരുക്കുന്ന തട്ടുകടകളിലെ അടുപ്പുകള്‍ മാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം.   നഗരപരിധിയില്‍ നടപ്പാത കൈയേറി കച്ചവടങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. പത്തനംതിട്ട  ജനറല്‍ ആശുപത്രിയില്‍ ഒപി കൗണ്ടര്‍, ഫാര്‍മസി എന്നിവിടങ്ങളില്‍ ടോക്കണ്‍ സംവിധാനവും, രോഗികള്‍ക്ക് ഇരിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. ജനറല്‍ ആശുപത്രിയില്‍ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നേത്ര രോഗ വിഭാഗം താഴത്തെ നിലയിലേയ്ക്ക് മാറ്റുന്നതിന്  നടപടി സ്വീകരിക്കണം.  മാരാമണ്‍ കണ്‍വന്‍ഷന്‍   സുഗമമായി നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.  ഓമല്ലൂര്‍-കൈപ്പട്ടൂര്‍ റോഡില്‍ വാഹനങ്ങളുടെ തിരക്ക് കൂടുതലായതിനാല്‍ ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഓമല്ലൂര്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക്ക് പോലീസിനെ നിയോഗിക്കണം.
പത്തനംതിട്ട മുനിസിപ്പല്‍  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി,  കോഴഞ്ചേരി  തഹസില്‍ദാര്‍ ജോണ്‍ സാം, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. ഷിറോസ്,  ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ബി. സുധ,  വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ആന്റോ ആന്റണി എംപിയുടെ പ്രതിനിധി  ജെറി മാത്യു സാം, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ മാത്യു ജി ഡാനിയേല്‍, മാത്യു  മരോട്ടിമൂട്ടില്‍, സുമേഷ് ഐശ്വര്യ, അബ്ദുള്‍ കലാം ആസാദ്, ബിജു പരമേശ്വരന്‍, ബിസ്മില്ലാഖാന്‍,  ഷീജ  റ്റി റ്റോജി, പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date