Skip to main content

നൈപുണ്യ നഗരം പദ്ധതി പരിശീലനം 12 പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി

ജില്ലാതല സ്‌കില്‍ കമ്മിറ്റി അവലോകന യോഗം

നൈപുണ്യ പരിശീലനത്തിനായുള്ള വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാതല സ്‌കില്‍ കമ്മിറ്റിയുടെ അവലോകന യോഗം സിവില്‍ സ്‌റ്റേഷന്‍ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ശക്തി പദ്ധതി, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി നല്‍കുന്ന നൈപുണ്യ നഗരം പദ്ധതി എന്നിവയുടെ പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. ശക്തി പദ്ധതിക്ക് കീഴില്‍ ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന പദ്ധതിയുടെ അപേക്ഷകരുടെ സ്‌ക്രീനിംഗ് 17 ന് ആരംഭിക്കും. ഡിജിറ്റല്‍ കിയോസ്‌ക്, ഹോം മെയ്ഡ് കുക്കീസ് ആന്റ് ചോക്ലേറ്റ്‌സ് എന്നിവയില്‍ സംരംഭക പരിശീലവും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

50 വയസിനു മുകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ പരിശീലനം നല്‍കുന്ന നൈപുണ്യ നഗരം പദ്ധതിയുടെ ഭാഗമായുള്ള പരിശീലനം 12 പഞ്ചായത്തുകളില്‍ പൂര്‍ത്തിയായി. പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ജില്ലാ സ്‌കില്‍ കോ-ഓഡിനേറ്റര്‍ മധു കെ. ലെനിന്‍ അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് താല്‍പര്യം കാണിക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ ചെറിയ തകരാറുകളുള്ള കംപ്യൂട്ടറുകള്‍ റിപ്പയര്‍ ചെയ്‌തെടുത്ത് പുനരുപയോഗം സാധ്യമാക്കുന്നുണ്ട്.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ. ഫാത്തിമ, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആരോഗ്യം, വില്ലേജ് ഇന്‍ഡസ്ട്രീസ്, അസാപ്, ഐഎച്ച്ആര്‍ഡി, ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date