Skip to main content
ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു സംസാരിക്കുന്നു

അടിസ്ഥാന സൗകര്യവികസന മേഖലയില്‍ വലിയ മാറ്റം: മന്ത്രി വീണാ ജോര്‍ജ്

അടിസ്ഥാന സൗകര്യവികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
ആറന്മുള നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പൊതുമരാമത്ത് റോഡുകളും അത്യാധുനിക ടാറിംഗ് നിലവാരത്തിലേക്ക് ഉയര്‍ന്നു. നാടിന്റെ ആവശ്യമായ പാലങ്ങള്‍, കെട്ടിടങ്ങള്‍, റോഡുകള്‍ പൂര്‍ത്തികരിച്ചു വരുന്നു. ആറന്മുള നിയോജക മണ്ഡലത്തില്‍ കൂടി കടന്നുപോകുന്ന രണ്ട് സംസ്ഥാന പാതകളായ തിരുവല്ല-കുമ്പഴ റോഡിനെയും മാവേലിക്കര-കോഴഞ്ചേരി റോഡിനെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന പ്രധാന ജില്ലാ പാതയാണ് കുമ്പനാട് - ആറാട്ടുപുഴ റോഡ്.  

 

ഈ റോഡ് ഉന്നത നിലവാരത്തില്‍ ബിഎം ആന്റ് ബിസി ടാറിംഗ് നടത്തിയപ്പോള്‍ പാലത്തിന്റെ ബലക്ഷയം മനസിലാക്കിയാണ് വീതിയുള്ള പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. മണ്ഡലത്തില്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അനുമതി ലഭിച്ച റോഡുകളുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തികരിക്കും. അതി ദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും തൊഴില്‍, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയിലൂടെ കൂടുതല്‍ സംരംഭങ്ങള്‍ ഒരുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 

പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് കരിയില മുക്ക് പാലം പുനര്‍ നിര്‍മിക്കുന്നതിന് 1.7 കോടി രൂപ അനുവദിച്ചത്. സിംഗിള്‍ സ്പാന്‍ ഇന്റഗ്രേറ്റഡ് സ്ലാബ് ബ്രിഡ്ജ് ആയി നിര്‍മിച്ചിരിക്കുന്ന പാലത്തിന് ഇരുവശങ്ങളിലും നടപ്പാതയോടുകൂടി മൊത്തം 11 മീറ്റര്‍ വീതിയും 12 മീറ്റര്‍ സ്പാനും ഉണ്ട്. പാലത്തിന്റെ അടിത്തറ പൈല്‍ ഫൗണ്ടേഷന്‍ ആയിട്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇരുകരകളിലും ആവശ്യമായ നീളത്തില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് പാലത്തിലേക്കുള്ള പ്രവേശന പാത 200 മീറ്റര്‍ നീളത്തില്‍ ബിഎം ആന്‍ഡ് ബിസി ചെയ്ത്, നടപ്പാതകള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകി ആവശ്യമായ റോഡ് സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

 

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിലകുമാരി, ഓമനക്കുട്ടന്‍, കെ. എസ്. ഐ. ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ചെറിയാന്‍ പോളച്ചിറക്കല്‍,  വിക്ടര്‍ ടി.തോമസ്, മനോജ് മാധവശേരി, പി.സി. സുരേഷ് കുമാര്‍, സ്വാഗതസംഘം ചെയര്‍മാന്‍ ബിജു വര്‍ക്കി, പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ഐ. നസിം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് പാലം സി.ബി. സുഭാഷ്‌കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date