Skip to main content

റാന്നിക്ക് നേട്ടമായി രണ്ടു സ്‌കൂളുകളുടെ നിര്‍മാണത്തിന് രണ്ടു കോടി

റാന്നി നോളജ് വില്ലേജ് പദ്ധതിയിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടശേരിക്കര ഗവ. എല്‍പി സ്‌കൂളിനും കോട്ടാങ്ങല്‍ ഗവ. എല്‍പി സ്‌കൂളിനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനായി ഓരോ കോടി രൂപ വീതം സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
     അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ആവിഷ്‌കരിച്ച റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നിയിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും പഠന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിശദമായ അക്കാദമിക് സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയില്‍ കെട്ടിടത്തിന്റെ ബലക്ഷയം കാരണം താല്‍ക്കാലിക സംവിധാനത്തിലേക്ക് പഠനം മാറ്റേണ്ടി വന്ന വടശേരിക്കര ഗവ എല്‍പി സ്‌കൂളിന്റെയും കോട്ടാങ്ങല്‍ ഗവ എല്‍പി സ്‌കൂളിന്റെയും കാര്യം പ്രത്യേകം പ്രതിപാദിച്ചിരുന്നു. ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലപ്പഴക്കം മൂലം തകര്‍ന്ന വടശേരിക്കര ഗവ എല്‍പിഎസ് സ്‌കൂളിനും   തകര്‍ന്ന കോട്ടാങ്ങല്‍ ഗവ.എല്‍പിഎസിനും അടിയന്തരമായി കെട്ടിടം നിര്‍മിക്കേണ്ട  വിദ്യാലയങ്ങളുടെ ആദ്യ പരിഗണനാ പട്ടികയില്‍ രേഖപ്പെടുത്തിയിരുന്നു.
    റാന്നി  നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായ ആവിഷ്‌ക്കാര്‍ എന്ന ഇ-ബുക്ക് പദ്ധതിയുടെ പ്രകാശനത്തിന് എത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എം എല്‍ എ പ്രത്യേക നിവേദനം നല്‍കുകയും തുടര്‍ച്ചയായി ഇതിനായി ഇടപെടലുകള്‍ നടത്തുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തെ കൊണ്ട് രണ്ട് സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും എസ്റ്റിമേറ്റ് തയാറാക്കി  പൊതു വിദ്യാഭ്യാസ വകുപ്പില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവിലൂടെയും  രണ്ട് വിദ്യാലയങ്ങളുടെയും പുതിയ കെട്ടിടം നിര്‍മാണത്തിനായി ഓരോ കോടി രൂപ വീതം അനുവദിച്ചത്.
       ആവശ്യം പരിഗണിച്ച് വിദ്യാലയങ്ങളുടെ സംരക്ഷണത്തിന് കരുത്തുപകരുന്ന തീരുമാനമെടുത്ത വിദ്യാഭ്യാസ മന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി എംഎല്‍എ പറഞ്ഞു.
     നോളേജ്  വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി  മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് , എംഎല്‍എ ഫണ്ട്, സി എസ് ആര്‍ ഫണ്ട് എന്നിവ വിനിയോഗിച്ച് ഘട്ടം ഘട്ടമായി എല്ലാ വിദ്യാലയങ്ങളുടെയും സൗകര്യം മെച്ചപ്പെടുത്തുമെന്ന് എംഎല്‍എ അറിയിച്ചു.

date