Skip to main content
ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം

ഖരമാലിന്യ പരിപാലന പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ 7.27 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 7.27 കോടിയുടെ പദ്ധതികള്‍ വിഭാവനം ചെയ്തു. പ്രാദേശിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ നടപ്പാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യ പരിപാലനത്തിന് അത്യാധുനിക ഗതാഗത സംവിധാനം ഒരുക്കുക, മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ തെറ്റായധാരണകള്‍ മാറ്റുന്നതിന് സാമൂഹ്യ-പെരുമാറ്റ ആശയ വിനിമയങ്ങള്‍ ആവിഷ്‌കരിക്കുകയാണ് പദ്ധതി ലക്ഷ്യം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ബാങ്ക്, എ.ഐ.ഐ.ബിയുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഖരമാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം, മാലിന്യ പരിപാലനം, സംസ്‌കരണം എന്നിവയ്ക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുക, ഖരമാലിന്യ പരിപാലനത്തിന് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിലൂടെ നഗരസഭകളില്‍ ആവശ്യമായ പദ്ധതികളും വിഭാവനം ചെയ്ത് നടപ്പാക്കും. സംസ്ഥാനത്തെ 87 നഗരസഭകളിലും ആറ് കോര്‍പ്പറേഷനുകളിലുമായാണ് പദ്ധതി നടപ്പാക്കുന്നത്. 2400 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കല്‍ തുക. സംസ്ഥാന സര്‍ക്കാര്‍ 30 ശതമാനവും ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്കചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് എന്നിവ 70 ശതമാനവും പദ്ധതി വിഹിതം വഹിക്കും. പദ്ധതിയിലൂടെ ജില്ലയിലെ നിലവിലുള്ള എം.സി.എഫ്/ആര്‍.ആര്‍.എഫ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍, മാലിന്യ സംസ്‌കരണത്തിന് പര്യാപ്തമായ ഉപകരണങ്ങള്‍ സ്ഥാപിക്കുകയാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. പാലക്കാട്, ഒറ്റപ്പാലം നഗരസഭകളില്‍ പൈതൃക മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ബയോമൈനിങ് പദ്ധതിയും നടപ്പാക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പദ്ധതി ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ജില്ലാതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന- എന്‍.ജി.ഒ പ്രതിനിധികള്‍, വിഷയവിദഗ്ധര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി 'ശുചിത്വ നഗരം' എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്‍ ഓഫീസ്, രണ്ടാം നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റില്‍ ഡെപ്യൂട്ടി ജില്ലാ കോ-ഓഡിനേറ്റര്‍, ഫിനാന്‍സ് എക്സ്പേര്‍ട്ട്, സോഷ്യല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എക്സ്പേര്‍ട്ട്, എന്‍വിയോണ്‍മെന്റ് എന്‍ജിനീയര്‍, മോണിറ്ററിങ് ഇവാലുവേഷന്‍ എക്സ്പേര്‍ട്ട് എന്നിവരുടെ സേവനം ലഭിക്കും. ഇതിന് പുറമെ എല്ലാ നഗരസഭകളിലും ഒരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എന്‍ജിനീയറെയും നിയമിച്ചിട്ടുണ്ട്. ജില്ലാ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ജില്ലാ വികസന കമ്മീഷണറും ഒറ്റപ്പാലം സബ് കലക്ടറുമായ ഡി. ധര്‍മ്മലശ്രീ നിര്‍വഹിച്ചു. പരിപാടിയില്‍ എല്‍.എസ്.ജി .ഡി ജോയിന്‍ ഡയറക്ടര്‍ കെ.പി വേലായുധന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അഭിജിത്ത്, വിവിധ നഗരസഭാ പ്രതിനിധികള്‍,  ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് എന്നിവര്‍ പങ്കെടുത്തു.

date