Skip to main content

ജില്ലാ വികസന സമിതി യോഗം ചേർന്നു

തിരുവനന്തപുരം ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി ചേർന്നു. പാറശാല താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ സി.കെ ഹരീന്ദ്രൻ ആവശ്യപ്പെട്ടു. പുരവിമല,തൂക്കുമല ആദിവാസി മേഖലകളിൽ സിദ്ധാശുപത്രി നിർമാണ പുരോഗതിയും അമരവിള-കാരക്കോണം റോഡിൽ നെടിയാംകോട് ഭാഗത്ത് അപകരമായ രീതിയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതും യോഗത്തിൽ ചർച്ച ചെയ്തു.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുള്ള അവസാനവട്ട ഒരുക്കങ്ങൾ ചർച്ചയായി. ഓടകൾ വൃത്തിയാക്കുന്നതിനും പോസ്‌ററുകളിൽ അപകടകരമായ രീതിയിൽ പൊട്ടിക്കിടക്കുന്ന കേബിളുകൾ കെട്ടിവെക്കുന്നതിനും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വർക്കല മണ്ഡലത്തിൽ ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിനുള്ള നടപടികൾക്കായി വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി.

വിവിധ വകുപ്പുകളുടെ പ്ലാൻ ഫണ്ട് വിനിയോഗപുരോഗതി അവലോകനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ്കളക്ടർ അശ്വതി ശ്രീനിവാസ്, എം. പി ,എം. എൽ. എ മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

date