Skip to main content
ചാവക്കാട് ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടോദ്ഘാടനം മന്ത്രി ആര്‍ ബിന്ദു

സമൂഹത്തിന്റെ ഉത്കണ്ഠ അറിയുന്നവരാണ് സർക്കാർ സ്കൂൾ വിദ്യാർഥികൾ : മന്ത്രി ഡോ. ആർ ബിന്ദു

സമൂഹത്തിന്റെ ഉത്കണ്ഠ അറിയുന്നവരാണ് സർക്കാർ സ്കൂളിലെ വിദ്യാർഥികളെന്ന്  ഉന്നതവിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ചാവക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂൾ പുതിയ കെട്ടിടം  നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവവൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വിദ്യാലയ മതിൽക്കെട്ടിനു പുറത്തുള്ള പ്രശ്നങ്ങൾ വിദ്യാർത്ഥികൾ മനസിലാക്കണമെന്നും മാനവികതയുടെ മൂല്യം അറിഞ്ഞ് വിദ്യാർത്ഥികൾ വളരണമെന്നും മന്ത്രി പറഞ്ഞു.

എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനായി. മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. പിഡബ്ലിയുഡി എക്സി.എഞ്ചിനീയർ പിടി ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഗുരുവായൂർ നഗരസാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ പി സീന നന്ദിയും പറഞ്ഞു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം ലഭ്യമായത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2019- 20 വാർഷിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരുകോടി രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളൊരുക്കി കെട്ടിടം നിർമ്മിച്ചത്.

മദിരാശി സർക്കാരിന്റെ അംഗീകാരത്തോടെ  മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ പ്രത്യേകത താല്പര്യർത്ഥം1918 ലാണ് ചാവക്കാട് ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്. ചാവക്കാടും സമീപപ്രദേശങ്ങളിലുമുള്ള  കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യം ഒരുക്കണമെന്ന നാട്ടുകാരുടെ ആഗ്രഹത്തിന്റെ പൂർത്തീകരണമായിട്ടാണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യാർത്ഥികളുടെ ബാഹുല്യം മൂലം 1957 അധ്യയന വർഷത്തിൽ പ്രവേശന നേടിയ വിദ്യാർത്ഥികൾക്ക് മറ്റ് സ്കൂളിലേക്ക് പോകേണ്ടി വന്നു. അതിന്റെ നിരാശയിൽ 200 കുട്ടികൾക്ക് പഠിക്കാൻ സൗകര്യമുള്ള കെട്ടിടം  പൊതുജനങ്ങൾ നിർമ്മിച്ചു നൽകി. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് ആധുനിക സൗകര്യങ്ങളോടെ പുതുക്കി പണിതത്.

date