Skip to main content
ചാവക്കാട് ജിഎഫ്‌യുപിഎസ് കെട്ടിടോദ്ഘാടനം മന്ത്രി ആര്‍ ബിന്ദു നിർവഹിക്കുന്നു

പൊതുവിദ്യാഭാസ മേഖല കേരള മോഡലിന്റെ മൂലക്കല്ല് : മന്ത്രി ഡോ. ആർ ബിന്ദു

പുത്തൻകടപ്പുറം ഫിഷറീസ് സ്കൂൾ പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു

കേരള മോഡലിന്റെ മൂലക്കല്ലാണ് പൊതുവിദ്യാഭാസ മേഖലയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു. ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ഗവ. യുപി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മികവുറ്റ പഠനരീതിയും വിദ്യാലയങ്ങളും  ലോകത്തിനുതന്നെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുട്ടികളുടെ സർഗാത്മക കഴിവുകൾ സ്വതന്ത്രമായി വികസിപ്പിക്കാനുള്ള ഇടമായി പൊതുവിദ്യാഭ്യാസം മാറി. അതിനുതകുന്ന അന്തരീക്ഷം ഒരുക്കി കൊടുക്കാൻ സർക്കാരിന് കഴിഞ്ഞു. പുതിയ വിദ്യാഭ്യാസരീതി സമൂഹത്തിലെ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടാൻ കുട്ടികളെ പ്രാപ്തരാക്കിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 എൻ കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ കെ വി അബ്ദുൾ ഖാദർ മുഖ്യാതിഥിയായി. പിഡബ്ലിയുഡി എക്സി.എഞ്ചിനീയർ പി ടി ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മന്ത്രിക്ക് സ്നേഹോപഹാരം സമ്മാനിച്ചു.

നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, സഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, ഷാഹിന സലീം, അബ്ദുൾ റഷീദ്, അഡ്വ. എ വി മുഹമ്മദ് അൻവർ, വാർഡ് കൗൺസിലർ പി കെ രാധാകൃഷ്ണൻ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് വി വി അമ്പിളി നന്ദിയും പറഞ്ഞു. ഉദ്ഘാടത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് ചാവക്കാട് പുത്തൻകടപ്പുറം ഫിഷറീസ് ഗവ. യുപി സ്കൂൾ. ജീർണാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ചാണ് ആധുനിക സൗകര്യങ്ങളൊരുക്കി പുതിയ കെട്ടിടം പണിതത്. മുൻ എംഎൽഎ കെ വി അബ്ദുൽ ഖാദറിന്റെ 2017 - 18 സാമ്പത്തിക വർഷത്തിലെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.72 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനും പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് പ്രയോജനമാകും.

1919 ലാണ് പുത്തൻകടപ്പുറം ഫിഷറീസ് ഗവ. യുപി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. രണ്ട് അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് എട്ട് അധ്യാപകരും 226 വിദ്യാർത്ഥികളുമുണ്ട്. സമീപവാസിയായ പരേതനായ തുപ്രൻ ആണ് സ്കൂളിന് സ്ഥലംവിട്ടുനൽകിയത്. 63 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.

പുതിയ കെട്ടിടത്തിലെ താഴേ നിലയിൽ ആറ് ക്ലാസ് റൂം, ഒരു ഓഫീസ് റൂം, ടോയ്ലറ്റ്, പൊതു ടോയ്ലറ്റ് എന്നിവയും മുകൾ നിലയിൽ ആറ് ക്ലാസ് റൂം, ഒരു പൊതു ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

date