Skip to main content
വരന്തരപ്പിള്ളി പഞ്ചായത്തിലെ ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി (ഒന്നാംഘട്ടം) നിർമ്മാണ ഉദ്ഘാടനം മന്ത്രി.ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിച്ചു.

ഉപ്പുഴി ലിഫ്റ്റ് റിഗേഷൻ പദ്ധതിയുടെ രണ്ടാംഘട്ട പൂർത്തീകരണത്തിനായി 2.50 കോടി രൂപ അനുവദിക്കും: മന്ത്രി റോഷി അഗസ്റ്റിൻ.

ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടു കോടി അനുവദിച്ച് നിർമ്മാണം ആരംഭിക്കാനായതായും പദ്ധതിയുടെ പൂർത്തീകരണത്തിനായി 2.50 കോടി രൂപ കൂടി ഉടൻ അനുവദിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പുതുക്കാട് വരന്തരപ്പള്ളി ഉപ്പുഴി ലിസ്റ്റ് ഇറിഗേഷൻ പദ്ധതി ഒന്നാംഘട്ട പ്രവൃത്തിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 നദികളെയും പുഴകളെയും സംരക്ഷിച്ച് ജനസേവനത്തിന്റെ ഭാഗമാക്കി കൃഷിയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. ലിഫ്റ്റ് ഇറിഗേഷൻ പോലുള്ള പദ്ധതികൾ കാർഷിക മേഖലയ്ക്കും കുടിവെള്ളക്ഷാമ പരിഹാരത്തിനും ഗുണകരമാക്കി മാറ്റാനാകും. സാമൂഹ്യ ജലസേചനം ലക്ഷ്യം വെച്ച് കെ എം മാണി നൂറുദിന കാർഷിക ജലസേചന പദ്ധതികൾ നടപ്പിലാക്കുന്നതോടെ എല്ലാ കൃഷിയിടങ്ങളിലേക്കും ജല ലഭ്യത ഉറപ്പുവരുത്തുവാൻ സാധിക്കും. കർഷകർ കൃഷിയോട് പൊരുതി തോൽക്കുന്ന സാഹചര്യത്തിൽ നിന്നും മാറ്റം വരുത്തണം. അതിനായി ശാസ്ത്രീയ പരിപാലനം വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും ജലസേചന വകുപ്പ് നൽകും. കാർഷിക സൗഹൃദ വകുപ്പാക്കി മാറ്റുവാനുള്ള  പ്രവർത്തനത്തിലാണ് ജലസേചന വകുപ്പെന്നും മന്ത്രി പറഞ്ഞു.

 2018-19 കാലത്തിലെ പ്രളയം രൂക്ഷമായി ബാധിച്ച കുട്ടനാട്ടിൽ തോട്ടപ്പള്ളി സ്പിൽവേ വഴി 48,000 ലിറ്റർ വെള്ളം ഒഴുകി പോകേണ്ടിടത്ത്  16000 ലിറ്റർ വെള്ളം മാത്രമാണ് കായലിലേക്ക് ഒഴുകിയത്. ഈ സ്ഥിതിയാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂട്ടിയത്. ഈ സാഹചര്യം മുന്നിൽകണ്ട് കേരളത്തിൽ ഒരുകോടി ഘന ലിറ്റർ എക്കൽ മണ്ണ് മാറ്റിയാണ് ഇത്തവണ സംസ്ഥാനത്തെ  വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിച്ചത്. ഇറിഗേഷൻ പദ്ധതിയും ജലജീവൻ മിഷൻ പദ്ധതിയും എല്ലാ മേഖലയ്ക്കും ഗുണമകരമാകുന്ന തരത്തിൽ പൂർത്തീകരിച്ച് ശുദ്ധജലവിതരണം ഉൾപ്പെടെ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും പുതക്കാട് മണ്ഡലത്തിനായി ജൽ ജീവൻ മിഷൻ പദ്ധതി പൂർത്തീകരണത്തിനായി 425.24 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 പുതുക്കാട് വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ 120 ഹെക്ടർ കൃഷി സ്ഥലത്തേക്ക് ജലസേചന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ഉപ്പുഴി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തീകരിക്കുന്നത്. മുൻ വിദ്യാഭ്യാസ മന്ത്രിയും പുതുക്കാട് മണ്ഡലം എംഎൽഎയും ആയിരുന്ന സി രവീന്ദ്രനാഥിന്റെ നിർദ്ദേശമനുസരിച്ചാണ് 2021-22 ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയത്. മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ നൂലിവളളി എന്ന സ്ഥലത്തെ ജലസ്രോതസ്സിൽ നിന്നും വരന്തരപ്പിളളി പഞ്ചായത്തിലെ ഉപ്പുഴി ഭാഗത്തെ 120 ഹെക്ടർ ആയക്കെട്ടിൽ ജലസേചനം നടത്തുവാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി രണ്ടുകോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

 ആദ്യഘട്ട പദ്ധതിയിൽ പമ്പ് ഹൌസ് നിർമ്മാണം, സക്ഷൻ പിറ്റ് നിർമ്മാണം, 2560 മീറ്റർ നീളത്തിൽ 300എംഎം ഡി ഐ പൈപ്പ് ഡെലിവറി ലൈൻ സ്ഥാപിക്കൽ എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. എട്ടുമാസമാണ് നിർമ്മാണ കാലാവധി.

ഇലക്ട്രിക്കൽ പ്രവൃത്തികൾ, മോട്ടോർ (120 എച്ച് പിയുടെ രണ്ടെണ്ണം), ബാക്കി വരുന്ന ജലവിതരണ ശൃംഖലയും സിസ്റ്റേൺ പ്രവർത്തികളുമാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നിർദ്ദേശമനുസരിച്ച് 250 ലക്ഷം രൂപ അടങ്കൽ തുകയുടെ 100 രൂപ ടോക്കൺ വകയിരുത്തിയിട്ടുണ്ട്. ആയതിന്റെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ആർ രഞ്ജിത്ത്, വരാന്തരപ്പിള്ളി ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സരിത രാജേഷ്, വൈസ് പ്രസിഡന്റ്‌ ടി ജി അശോകൻ, എക്സിക്യൂട്ടീവ് എൻജിനീയർ അജയകുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ പാലപറമ്പിൽ സിന്ധു വാർഡ് മെമ്പർ റോസിലി തോമസ്, ഉപ്പുഴി ലിഫ്റ്റ്‌ ഇറിഗേഷൻ സ്കീം രക്ഷാധികാരി ബേബി മാത്യു കാവുങ്ങൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബെന്നി ചാക്കപ്പൻ, ബിനോയ്‌ ഞെരിഞാംപിള്ളി, ജസ്റ്റിൻ താഴത്തേൽ, എ കെ പത്രോസ്, പി ഇ രാജീവ്‌, അബൂട്ടി ഹാജി, അഡ്വ. റോയ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

date