Skip to main content

സമ്പൂര്‍ണ ശുചിത്വ ജില്ല: താഴെത്തട്ടിലേക്ക്

പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വിപുലമായ പദ്ധതി
സമ്പൂര്‍ണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ വിപുലമായ പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ തീരുമാനമായി. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും
കിലയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന നിര്‍മ്മല ഗ്രാമം -നിര്‍മ്മല നഗരം -നിര്‍മ്മല ജില്ല പദ്ധതിയുടെ ഭാഗമായി ചരല്‍ക്കുന്നില്‍ നടന്ന മൂന്നു ദിവസത്തെ നിര്‍വഹണ പരിശീലന ശില്പശാലയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.  
ഹരിതകര്‍മ്മ സേന ഒരു വാര്‍ഡില്‍ രണ്ട് അംഗങ്ങളെ ഉള്‍പ്പെടുത്തി ഏപ്രില്‍ മാസത്തില്‍ പുനസംഘടിപ്പിക്കും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ഫീ ലഭിക്കുമെന്ന് ഉറപ്പാക്കും. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ച് വിപുലമായ ശുചിത്വ കണ്‍വന്‍ഷന്‍ ഏപ്രില്‍ മാസം നടത്തും.
മാലിന്യങ്ങള്‍ വേര്‍തരിച്ചു ശേഖരിക്കുന്നതിന് ആവശ്യമായ എംസിഎഫ് എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കും. ഇതിനു പുറമേ ബ്ലോക്ക്തലത്തില്‍ ആര്‍ആര്‍എഫും സ്ഥാപിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുന്നതിന് വാര്‍ഡ് മെമ്പറും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘം ഗൃഹസന്ദര്‍ശനം നടത്തും. കുടുംബശ്രീയെയും സാമൂഹിക സംഘടനകളെയും ഇതില്‍ പങ്കാളികളാക്കും.
ഇറച്ചി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതു സംബന്ധിച്ച് കടകളുമായി ധാരണയുണ്ടാക്കും. മാര്‍ക്കറ്റുകള്‍ക്കു സമീപം മാലിന്യ സംസ്‌കരണത്തിന് തുമ്പൂര്‍മൂഴി മാതൃകയില്‍ പൊതുസംവിധാനങ്ങള്‍ സജ്ജമാക്കും. എല്ലാ പൊതുസ്ഥാപനങ്ങള്‍ക്കും ശുചിത്വ പ്രോട്ടോക്കോളും ഗ്രീന്‍പ്രോട്ടോക്കോളും നടപ്പാക്കും. പൊതുഇടങ്ങള്‍ വൃത്തിയാക്കുന്നതിന് പദ്ധതി നടപ്പാക്കും. ഇവിടെ ചെടികളും മരങ്ങളും വച്ചു പിടിപ്പിക്കും. ഇരിപ്പിടങ്ങള്‍, പൊതുജനങ്ങള്‍ക്ക് വിനോദപരിപാടികള്‍ക്കുള്ള അവസരങ്ങള്‍ എന്നിവ ഒരുക്കും.
എല്ലാ തദ്ദേശ സ്ഥാപനത്തിലും ഒരു സമ്പൂര്‍ണ ശുചിത്വ വാര്‍ഡ് എങ്കിലും ഉറപ്പാക്കും. എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണത്തിന് തൊഴിലുറപ്പ് പദ്ധതി മുഖേന സംവിധാനം ഒരുക്കും. ശുചിത്വ ലക്ഷ്യം കൈവരിക്കുന്നതിന് സ്‌കൂളുകളിലെ കുട്ടികള്‍ മുഖേന ബോധവത്ക്കരണം നടത്തും. തദ്ദേശസ്ഥാപനങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖേന ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപക പ്രചാരണം നടത്തുന്നതിനും തീരുമാനമായി.
 

date