Skip to main content

ചെത്തോംകര - അത്തിക്കയം റോഡ് : 83 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചു.

     ചെത്തോംകര - അത്തിക്കയം റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 83 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നേരത്തെ റോഡ് പുനരുദ്ധാരണത്തിന് അനുവദിച്ച അഞ്ചു കോടി രൂപയ്ക്ക് പുറമേയാണ് ഇത്.
       റാന്നിയില്‍ നിന്ന് അത്തിക്കയത്തേക്കുള്ള പ്രധാന പാതയായ ചെത്തോംകര - അത്തിക്കയം റോഡ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ ആറരക്കോടി രൂപ ചിലവഴിച്ച് ബിഎം ബിസി നിലവാരത്തില്‍ ടാറിംഗ് നടത്തിയിരുന്നു.  എന്നാല്‍, റോഡിന്റെ വീതി കുറവും വശങ്ങളില്‍ സംരക്ഷണ ഭിത്തിയില്ലാത്തതും അപാകതയായി നിലകൊണ്ടു. പല ഭാഗങ്ങളിലും കൊടും വളവുകളും ഉണ്ട്. വീതി കുറഞ്ഞ കലുങ്കുകള്‍ പലതും റോഡിലേക്ക് ഇറങ്ങിയാണ് നില്‍ക്കുന്നത്.  വലിയ വാഹന തിരക്കുള്ള പാതയില്‍ ഇതൊക്കെ നിരന്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനായി നടപടി സ്വീകരിച്ചത്. ഇതിനായി അഞ്ചു കോടി രൂപ അനുവദിച്ചെങ്കിലും തുടര്‍ന്നുണ്ടായ റേറ്റ് റിവിഷനും ജിഎസ്ടിയും മൂലം തുക മതിയാകാതെ വന്നു. ഈ സാഹചര്യത്തിലാണ് 83 ലക്ഷം രൂപയ്ക്ക് കൂടി ഇപ്പോള്‍ അനുമതി നല്‍കിയത്.
      വസ്തു ഉടമകള്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കുന്ന സ്ഥലങ്ങളില്‍ റോഡ് വീതി കൂട്ടും. ഇത് കൂടാതെ വശങ്ങള്‍ കെട്ടി സംരക്ഷിക്കും. അപകടകരമായ സ്ഥലങ്ങളില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കും. റോഡിന്റെ ടാറിങ്ങിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ ഇന്റര്‍ലോക്കുകളും ഐറിഷ് കോണ്‍ക്രീറ്റിംഗും നടത്തി കൂടുതല്‍ സുരക്ഷിതമാക്കും.

date