Skip to main content

വികാരനിർഭരമായി സ്‌പെഷൽ സ്‌ക്രീനിംഗിലെ ആദ്യദിനം

 

കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് സി.എം.എസ്. കോളജിൽ നടത്തിയ മലയാള സിനിമകളുടെ  സ്‌പെഷൽ സ്‌ക്രീനിംഗ് ഉദ്ഘാടന ചടങ്ങ് വികാര നിർഭരമായ വേദിയായി മാറി.

അന്തരിച്ച സംവിധായകൻ ഷാജി പാണ്ഡവത്ത് സംവിധാനം ചെയ്ത കാക്കത്തുരുത്ത് എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം. ചിത്രത്തെയും അണിയറ പ്രവർത്തകരെയും പരിചയപ്പെടുത്തിയ പ്രമുഖ സംവിധായകനും ഫെസ്റ്റിവൽ ചെയർമാനുമായ ജയരാജ്, നിർമ്മാതാവ് മാവേലിക്കര മധുസൂദനൻ, അഭിനേതാവ് വേണു ബി. നായർ, മകൾ ടീന പാണ്ഡവത്ത് എന്നിവർ പങ്കുവച്ച ഓർമ്മകൾ സദസിനെ ഒന്നടങ്കം വികാര നിർഭരമാക്കി.
തിരക്കഥാകൃത്തായിരുന്ന ഷാജി പാണ്ഡവത്ത് സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാക്കത്തുരുത്ത്.

ചലച്ചിത്ര മേളയുടെ സമാപന ദിനമായ 28 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30 ന് സിഎംഎസ് കോളജിൽ സ്‌പെഷൽ സ്‌ക്രീനിംഗ് നടത്തും. ഇന്ന് (ഫെബ്രുവരി 26) അജി കെ.ജോസ് സംവിധാനം ചെയ്ത കർമ്മ സാഗരം പ്രദർശിപ്പിക്കും. ചിത്രത്തിൽ മഖ്ബൂൽ സൽമാൻ, പൂജിത മേനോൻ, കോട്ടയം രമേഷ്, കോട്ടയം പുരുഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

27 ന് കരസ്ഥമാക്കിയ കൊന്നപ്പൂക്കളും മാമ്പഴവും എന്ന സിനിമ പ്രദർശിപ്പിക്കും. എസ്. അഭിലാഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ജെയ്‌സൻ ഫിലിപ്പ്, ശ്രീദർശ്, സഞ്ജയ് സുനിൽ എന്നിവരാണ് അഭിനേതാക്കൾ.

നവാഗതനായ ജിഷ്ണു ഹരീന്ദ്ര വർമ്മ സംവിധാനം ചെയ്ത ക്രൈം ത്രില്ലർ ചിത്രം 'നോ മാൻസ് ലാന്റാണ് സമാപന ദിവസം പ്രദർശിപ്പിക്കുന്നത്. ലുക്ക്മാൻ അവറാൻ, ശ്രീജ ദാസ്, സുധി കോപ്പ, ഷഫീക്ക് കരീം, കാവ്യ ബെല്ലു, ആഖിബ് സമാൻ, തോമസ് ജോർജ്ജ്, ജിജോ ജേക്കബ്, അനു കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

date