Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി നാല് സ്മാര്‍ട്ട് വില്ലേജുകള്‍

ആലപ്പുഴ: ജില്ലയില്‍ നാല് സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കാര്‍ത്തികപ്പള്ളി, തെക്കേക്കര, പാണ്ടനാട്, ചേര്‍ത്തല തെക്ക് വില്ലേജുകളാണ് മാര്‍ച്ച് അവസാനത്തോടെ സ്മാര്‍ട്ടായി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇതുകൂടാതെ വിവിധ താലൂക്കുകളിലായി 26 വില്ലേജുകള്‍ സ്മാര്‍ട്ടാകാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ പതിനൊന്നു വില്ലേജുകളുടെ നിര്‍മാണം അവസാനഘട്ടത്തിലുമാണ്. ഏപ്രില്‍ മാസത്തോടെ ഇവയുടെ പ്രവര്‍ത്തനവും ആരംഭിക്കാന്‍ സാധിക്കുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പുലിയൂര്‍, മണ്ണഞ്ചേരി വില്ലേജുകളുടെ കല്ലിടല്‍ കര്‍മം ഏപ്രില്‍ മാസത്തോടെ നടത്താനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാകുകയാണ്. 2014-15 മുതല്‍ 2022 വരെ പത്തു വില്ലേജുകളാണ് ജില്ലയില്‍ സ്മാര്‍ട്ടായത്. ഇതില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മൂന്ന് വില്ലേജുകള്‍ സ്മാര്‍ട്ടായി പ്രവര്‍ത്തനമാരംഭിച്ചു.

ഏറ്റവും മോശം അവസ്ഥയിലുള്ള വില്ലേജുകളെ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചാണ് സ്മാര്‍ട്ട് ആക്കുന്നത്. ജില്ലയില്‍ ഏറ്റവുമധികം മോശം അവസ്ഥയിലുള്ള വില്ലേജുകള്‍ കണ്ടെത്തിയത് മാവേലിക്കര താലൂക്കിലായിരുന്നു. ഇവിടെ നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു സ്മാര്‍ട്ട് വില്ലേജും വിവിധ നിര്‍മാണ ഘട്ടങ്ങളിലുള്ള ഏഴ് വില്ലേജുകളുമുണ്ട്. ചേര്‍ത്തല താലൂക്കില്‍ നാല് വില്ലേജുകളാണ് ഇത്തരത്തില്‍ സ്മാര്‍ട്ട് ആക്കിയത്. രണ്ട് വില്ലേജുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടുക്കുന്നുണ്ട്. കാര്‍ത്തികപ്പള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ച മൂന്ന് സ്മാര്‍ട്ട് വില്ലേജുകളും നിര്‍മാണ ഘട്ടത്തിലുള്ള രണ്ടു വില്ലേജുകളുമുണ്ട്. 

പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ളം, പബ്ലിക് ടോയ്‌ലെറ്റ്, ഫ്രണ്ട് ഓഫീസ്, ഇരിപ്പിടങ്ങള്‍ എന്നിവയുള്‍പ്പെടെ പൊതുജന സൗഹൃദ അന്തരീക്ഷവും സൗകര്യങ്ങളും ഒരുക്കുന്നവയാണ് സ്മാര്‍ട്ട് വില്ലേജുകള്‍. 

 

date