Skip to main content

മുതിര്‍ന്നവരുടെ അനുഭവങ്ങള്‍ ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ട്: ജില്ലാ കളക്ടര്‍

 

ജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ച് കടന്നുവന്ന വയോജനങ്ങളുടെ അനുഭവ സമ്പത്ത് ചെറുപ്പക്കാര്‍ക്ക് മുതല്‍ക്കൂട്ടാണെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മുതിര്‍ന്ന പൗരന്മാരുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താന്‍ തൃക്കാക്കര നഗരസഭയും സാമൂഹ്യ സുരക്ഷാ മിഷനും ചേര്‍ന്ന് നടപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ വാര്‍ഷിക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു കളക്ടര്‍. കാലത്തിന്റെ മാറ്റത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും അവരുടെ അനുഭവ സമ്പത്തിനോളം വില മറ്റൊന്നിനുമില്ല. ഈ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി പുതുതലമുറയുടെ മിക്ക പ്രശ്‌നങ്ങളും പരിഹരിക്കാം. 

മാതാപിതാക്കളുമായി ശരിയായി സംസാരിക്കാന്‍ കഴിയുന്നില്ലെന്നത് വീടുകളില്‍ കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. ഇതു പരിഹരിക്കുന്നത് വീടുകളിലെ മുത്തച്ഛനോ മുത്തശ്ശിയോ ആയിരിക്കും. മാതാപിതാക്കളോട് തുറന്ന് പറയാന്‍ കഴിയാത്ത പല കാര്യങ്ങളും കുട്ടികള്‍ ഇവരോട് പറയുന്നു. നല്ല അന്തരീക്ഷം വീടുകളിലുണ്ടാക്കാന്‍ വയോജനങ്ങള്‍ക്ക് കഴിയാറുണ്ട്. നാല് ചുമരുകളും ഗെയിറ്റും മതിലുമെല്ലാമുള്ള കെട്ടിടത്തെ വീടാക്കി മാറ്റുന്നത് അവിടെ സ്‌നേഹമുള്ള മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും കുട്ടികളുമെല്ലാമുണ്ടാകുമ്പോഴാണ്. കെട്ടിടത്തെ വീടാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിക്കുന്നത് വയോജനങ്ങളാണ്. സ്‌നേഹവും വാത്സല്യവും നിറഞ്ഞ വീടുകളുടെ സംഗമമാക്കി സമൂഹത്തെ മാറ്റാനും ഇതുവഴി കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.   

വയോജനങ്ങള്‍ ഒറ്റയ്ക്കല്ലെന്ന സന്ദേശമാണ് വയോമിത്രം പോലുളള കൂട്ടായ്മകളെന്നും അവര്‍ക്ക് സന്തോഷിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതുവഴിയെന്നും ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു. വയോമിത്രം വാര്‍ഷികത്തിന്റെ ഭാഗമായി വയോമിത്രം ഗുണഭോക്താക്കളുടെ സ്‌നേഹസംഗമവും കലാപരിപാടികളും നടന്നു. തൃക്കാക്കര നഗരസഭയില്‍ ആറു വര്‍ഷം മുന്‍പാണ് പദ്ധതി ആരംഭിച്ചത്. 

തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എ.എ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ടിവി താരം സലിം ഹസന്‍, ചലച്ചിത്ര പിന്നണി ഗായകന്‍ സുദീപ് കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സ്മിത സണ്ണി, ഉണ്ണി കാക്കനാട്, നൗഷാദ് പല്ലച്ചി, സോമി റെജി, സുനീറ ഫിറോസ്, കൗണ്‍സിലര്‍മാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കെ. ഉഷ, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രിയ, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എബി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

date