Skip to main content
ഫോട്ടോ - വാണിയംകുളത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ പൊതുവിതരണ - ഉപഭോക്തകാര്യ -ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്യുന്നു.

സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിനകം 51 സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങി പുതിയതായി മൂന്ന് ഹോട്ടലുകള്‍ ആരംഭിക്കും: മന്ത്രി ജി. ആര്‍ അനില്‍

സംസ്ഥാനത്ത്  ഒന്നര വര്‍ഷത്തിനകം 51 സുഭിക്ഷ ഹോട്ടലുകള്‍ തുടങ്ങിയതായും മൂന്ന് സുഭിക്ഷാ ഹോട്ടലുകള്‍ കൂടി ഉടന്‍ തുടങ്ങുമെന്നും പൊതുവിതരണ-ഉപഭോക്തകാര്യ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെട്ട വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ വാണിയംകുളത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സുഭിക്ഷ ഹോട്ടലുകളിലൂടെ വിഭവസമൃദ്ധമായ ഭക്ഷണമെന്ന ആശയമല്ല നടപ്പാക്കുന്നത്, പട്ടിണി കൂടാതെ കഴിയാനും വിശപ്പ് മാറ്റാനുമുള്ള ഭക്ഷണം ഉറപ്പാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, സഹകരണ സംഘങ്ങള്‍ മുഖേന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍  2016-ലെ വിലയ്ക്ക് ഇന്നും നല്‍കുന്നുണ്ട്. വലിയ ശതമാനം ജനങ്ങളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. സംസ്ഥാനത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും ദരിദ്രരെ സമൂഹത്തിന്റെ മുഖ്യധാരിയിലേക്ക് കൊണ്ടുവരികയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. റേഷന്‍ കാര്‍ഡ് ഇല്ലാത്തവരെ കണ്ടെത്തി അതിവേഗം കാര്‍ഡുകള്‍ വിതരണം ചെയ്യത് അവരെ വിവിധ സര്‍ക്കാര്‍ സഹായ പദ്ധതികളുടെ ഭാഗമാക്കുന്നുണ്ട്. രണ്ട് വര്‍ഷത്തിനകം 3.5 ലക്ഷം പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്തു.

റേഷന്‍ വിതരണം എല്ലാ മാസവും പത്താം തീയതിക്കകം ഏറ്റവും കൂടുതല്‍ ആളുകളില്‍ എത്തിക്കുകയാണ് ശ്രമം. റേഷന്‍ വിതരണത്തിലെ സെര്‍വര്‍ തകരാറുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം രണ്ട് ഷിഫ്റ്റുകളാക്കി മാറ്റിയത് മാര്‍ച്ച് ഒന്ന് മുതല്‍ അവസാനിപ്പിച്ച് പഴയ രീതിയിലുള്ള നില തുടരുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകളിലൂടെ പുഴുക്കലരി കൂടുതലായി വിതരണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത്തിന്റെ അടിസ്ഥാനത്തില്‍ 50:50 എന്ന തരത്തില്‍ അടുത്ത മാസം മുതല്‍ അരി വിതരണം നടക്കുമെന്നും മന്ത്രി പറഞ്ഞു. ഷൊര്‍ണൂര്‍ എം.എല്‍.എ പി മമ്മിക്കുട്ടി അധ്യക്ഷനായ പരിപാടിയില്‍  വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന്‍, അംഗങ്ങളായ പി.ശ്രീലത, എന്‍.പി കോമളം, സി.സൂരജ്, പി ഹരിദാസന്‍, പി കനകരാജന്‍, എ.പി പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി എ.കെ വിനോദ് എന്നിവര്‍ സംസാരിച്ചു

 

date