Skip to main content
സമം സാംസ്‌കാരികോത്സവത്തിന്റെ  പ്രചരണാർഥം  'സമം നിറപ്പൊലിയാട്ടം' നാടൻ പാട്ടരങ്ങ് തിരുനക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

സമം സാംസ്‌കാരികോത്സവം: പുസ്തകോത്സവത്തിന്റെയും സെമിനാർ സെഷനുകളുടേയും ഉദ്ഘാടനം ഇന്ന്

കോട്ടയം: സമം സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായ പുസ്തകോത്സവത്തിന്റെയും സെമിനാർ സെഷനുകളുടേയും ഉദ്ഘാടനം ഇന്ന്(മാർച്ച് 2). രാവിലെ 10.30ന് പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാറും സെമിനാർ സെഷന്റെ ഉദ്ഘാടനം സമം സംസ്ഥാന പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ ഡോ. സുജ സൂസൻ ജോർജും നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയാകും. സി.എം.എസ്. കോളജ് പ്രിൻസിപ്പൽ വർഗീസ് പി. ജോഷ്വാ ആമുഖപ്രഭാഷണം നടത്തും. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി ഡയറക്ടർ പ്രഫ. എ.ജി. ഒലീന മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ, പി. പ്രദീപ്, പി. സുവർണ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് സ്ത്രീപക്ഷ നിയമങ്ങൾ സാധ്യതകളും പരിമിതികളും എന്ന വിഷയത്തിൽ അഡ്വ. പി.എം. ആതിര, അഡ്വ. സ്മിത
കൃഷ്ണൻകുട്ടി എന്നിവർ സംസാരിക്കും. ഡോ. എ.കെ. അർച്ചന മോഡറേറ്ററാകും.
  പരിപാടിയുടെ പ്രചരണാർഥം ഇന്നലെ വൈകിട്ട് 'സമം നിറപ്പൊലിയാട്ടം' നാടൻ പാട്ടരങ്ങ് തിരുനക്കര, സി.എം.എസ്. കോളജ്, നാഗമ്പടം സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ടി.എൻ. ഗിരീഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, പി.ആർ. അനുപമ, നഗരസഭാംഗം അഡ്വ. ഷീജ അനിൽ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. വി.വി. മാത്യൂ, ജില്ലാ ആസൂത്രണസമിതി അംഗം കെ. രാജേഷ്, ബി. ശശികുമാർ, കില ഫെസിലിറ്റേറ്റർ ബിന്ദു അജി എന്നിവർ സന്നിഹിതരായിരുന്നു. പാലാ നവധാര സംഘമാണ് കലാപരിപാടികൾ അവതരിപ്പിച്ചത്.
 

date