Skip to main content

വരുന്നു ജലബജറ്റ്, ശുദ്ധജല ക്ഷാമത്തിന് പരിഹാരം

ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജലബജറ്റ് പദ്ധതിയിൽ ജില്ലയിൽ നിന്നും ഉൾപ്പെട്ടത് ചൊവ്വന്നൂർ ബ്ലോക്കും കീഴിലുള്ള 8 പഞ്ചായത്തുകളും. ചൂണ്ടൽ, ചൊവ്വന്നൂർ, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പൽ, വേലൂർ, പോർക്കുളം, കടങ്ങോട് പഞ്ചായത്തുകളിലാണ് ജലബജറ്റ് തയ്യാറാക്കുക. മാർച്ച് അവസാനത്തോടെ ബജറ്റ് തയ്യാറാക്കും. ലഭ്യമായ ജലം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ ശുദ്ധജലക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ജലബജറ്റ് തയ്യാറാക്കുന്നത്. ജില്ലകളിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ബ്ലോക്കിലും അതിന് കീഴിൽ വരുന്ന പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്.

ജില്ലകളിൽ കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. ജലത്തിന്റെ ലഭ്യതയും ഉപയോഗവും എത്രയെന്ന് കൃത്യമായ കണക്കെടുക്കുകയാണ് ആദ്യപടി. ലഭ്യമായ ജലത്തിന്റെ ഗുണമേന്മയും പരിശോധിക്കും. ഇതിൽ തന്നെ ഗാർഹികം, കാർഷികം, മൃഗസംരക്ഷണം, മറ്റാവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് പ്രത്യേകം ശേഖരിക്കും. പ്രദേശത്ത് ലഭ്യമായ ജലം ആവശ്യങ്ങൾക്ക് പര്യാപ്തമാണോയെന്ന് ഇതിലൂടെ കണ്ടെത്തും.
ശുദ്ധജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഇതു പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ബജറ്റിൽ ഉണ്ടാകും. ജല ലഭ്യത കൂടുതലാണെങ്കിൽ അത് ഫലപ്രദമായി ഉപയോഗിക്കുന്നത്തിനുള്ള മാർഗങ്ങളുമുണ്ടാകും.

ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സി ഡബ്ല്യു ആർ ഡി എം) സഹകരിച്ചാണ് ബജറ്റ് തയ്യാറാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജലബജറ്റ് തയ്യാറാക്കുന്നതിന് കൃഷി, ജലസേചനം, ഭൂജലം, മൃഗസംരക്ഷണം, തൊഴിലുറപ്പ് പദ്ധതി, മണ്ണുസംരക്ഷണം ഉൾപ്പെടെയുള്ള വകുപ്പുകൾ സഹകരിക്കും. ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാർക്കും നവകേരളം റിസോഴ്സ്പേഴ്സൺമാർക്കും പരിശീലനം നൽകിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഫെബ്രുവരി 28ന് ബ്ലോക്ക് തല കൺവെൻഷൻ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്ല്യംസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നവകേരളം കർമ്മ പദ്ധതി തൃശ്ശൂർ ജില്ലാ കോർഡിനേറ്റർ ദിദിക സി പദ്ധതി വിശദീകരിച്ചു. ജലബജറ്റിന്റെ പൂർണ്ണതയ്ക്കും വിശ്വാസ്യതക്കും വേണ്ടി എല്ലാ ഗ്രാമപഞ്ചായത്തിന്റെയും സഹായങ്ങളും ഉണ്ടെന്നും ബജറ്റ് തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 22 നു പൂർത്തീകരിക്കുമെന്നും നവ കേരളകർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ദിദിക സി അറിയിച്ചു.

date