Skip to main content
ഒറ്റപ്പാലം കാർഷിക ബാങ്ക് - ശ്രീക്യഷ്ണപുരം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി സംസാരിക്കുന്നു

സഹകരണ മേഖല സംസ്ഥാനത്തെ സമ്പദ്ഘടനയുടെ നട്ടെല്ല് : മന്ത്രി വി.ശിവന്‍കുട്ടി 

 

സംസ്ഥാനത്തെ സമ്പദ്ഘടനയുടെ നട്ടെല്ലാണ് സഹകരണ മേഖലയെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഒറ്റപ്പാലം പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ശ്രീകൃഷ്ണപുരം ബ്രാഞ്ച് ഓഫീസ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമസ്ത മേഖലകളിലും സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് വലുതാണെന്നും  സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സഹകാരികള്‍ ഒന്നിച്ച് നിന്ന് ഈ ശ്രമത്തെ പരാജയപ്പെടുത്തും. ആധുനിക കാലത്തെ ബാങ്കിംഗ് സംവിധാനങ്ങളോട് മത്സരിക്കുന്നതിന് സഹകരണ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കണം.  ബാങ്കിന്റെ സ്‌ട്രോങ് റൂം ഉദ്ഘാടനം കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്വര്‍ണ്ണ വായ്പ ഉദ്ഘാടനം കാംക്കോ ചെയര്‍മാന്‍ കെ.പി സുരേഷ് രാജ് നിര്‍വഹിച്ചു.  പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ജനറല്‍ മാനേജര്‍ ഇന്‍ - ചാര്‍ജ്ജ് സിന്ധു ആര്‍ നായര്‍, ബാങ്ക് പ്രസിഡന്റ് പി.സുധാകരന്‍, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലക്ഷ്മി, കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത്,  ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സഹകാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

date