Skip to main content
ഏഴുവന്തല എ.എൽ.പി സ്കൂൾ കെട്ടിടോദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു

സംസ്ഥാന ബജറ്റില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 567 കോടി : മന്ത്രി വി.ശിവന്‍കുട്ടി 

 

സംസ്ഥാന ബജറ്റില്‍  സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി 567 കോടി വകയിരുത്തിയതായി പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കൃത്യമായും സമഗ്രമായും മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഏഴുവന്തല ഈസ്റ്റ് എ.എല്‍.പി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും 103 -മത് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു മന്ത്രി. 1251 സര്‍ക്കാര്‍ സ്‌കൂളുകളിലേയും പ്രീ- പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ 29 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ്  ഉച്ചഭക്ഷണം നല്‍കുന്നത്. കുട്ടികള്‍ക്ക് പാല്‍, മുട്ട എന്നിവ നല്‍കുന്ന സമഗ്ര പോഷകാഹാര പദ്ധതിയും ഇതിനോടൊപ്പം സര്‍ക്കാര്‍ തുടരുന്നുണ്ട്. സംസ്ഥാനത്തെ 2386 സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കുന്നുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍  5000 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന് വലിയ സംഭാവനയാണ് നല്‍കിയത്. പത്തര ലക്ഷം വിദ്യാര്‍ഥികളാണ് പുതുതായി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് എത്തിയത്. പി.       മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജേഷ് കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം നസീമ ടീച്ചര്‍,  വൈസ് പ്രസിഡന്റ് കെ.പി വസന്ത , പ്രധാനധ്യാപിക കെ.എന്‍ ഗീത, സ്‌കൂള്‍ മാനേജര്‍ സി.പി ഹംസ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബി.ടി ബിന്ദു,  അജിത് ശങ്കര്‍, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

date