Skip to main content
സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം

ഒ.വി വിജയന്‍ സ്മാരക പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിക്കാന്‍ ആലോചന:  മന്ത്രി സജി ചെറിയാന്‍

 

ഒ.വി വിജയന്‍ സ്മാരകത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ദൈനംദിന കാര്യങ്ങള്‍ക്കുമായി എല്ലാ വര്‍ഷവും തുക അനുവദിക്കാന്‍ സാംസ്‌ക്കാരിക വകുപ്പിന് ആലോചനയുണ്ടെന്നും സ്മാരകത്തിന്റെ വിവിധ പ്രവൃത്തികള്‍ക്കായി വകുപ്പ് പത്ത് ലക്ഷം രൂപ അനുവദിച്ചതായും സാംസ്‌കാരിക-മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഒ.വി വിജയന്റെ സ്മരണ നിലനിര്‍ത്താനും സ്മാരകത്തിലെ ശമ്പള ചെലവുകള്‍ക്കുമാണ് തുക നല്‍കുന്നത്. തസ്രാക്കില്‍ സാഹിത്യ പ്രവര്‍ത്തകര്‍ക്ക് താമസിച്ച് രചനകള്‍ നടത്താൻ  ടൂറിസം വകുപ്പുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കും. സ്മാരകത്തെ  സംസ്ഥാനത്തെ മികച്ച സാംസ്‌കാരിക കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. ഒ.വി വിജയന്‍ സ്മാരക സമിതി സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച് നടപ്പാക്കിയ സാഹിത്യ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍ നടന്ന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. തസ്രാക്കിലെ അറബിക്കുളം നവീകരിക്കുന്നത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചതായി എം. എല്‍.എ പറഞ്ഞു. ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, സ്മാരക സമിതി സെകട്ടറി ടി.ആര്‍ അജയന്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, കേരള സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് വൈശാഖന്‍, പ്രൊഫ: പി.എ വാസുദേവന്‍, ആഷാ മേനോന്‍, ജ്യോതി ഭായ് പരിയാടത്ത്, ടി.കെ ശങ്കരനാരായണന്‍, എം.ശിവകുമാര്‍, രാജേഷ് മേനോന്‍, നിഥിന്‍ കണിച്ചേരി, ഡോ. പി.ആര്‍ ജയശീലന്‍, ഡോ. സി ഗണേഷ്, കെ.പി രമേഷ് എന്നിവര്‍ പങ്കെടുത്തു.

 പുരസ്‌ക്കാര ജേതാക്കള്‍ 

പി.എഫ് മാത്യൂസ്(നോവല്‍-അടിയാള പ്രേതം),വി.എം ദേവദാസ്(ചെറുകഥ-കാടിന് നടുക്കൊരു മരം), വി.എന്‍ നിഥിന്‍(യുവകഥാ പുരസ്‌കാരം-ചാച്ചന്‍)
 

date