Skip to main content

സിവില്‍ രജിസ്ട്രേഷന്‍ നിയമങ്ങളില്‍ മാറ്റം

 

തദ്ദേശസ്വയംഭരണ വകുപ്പില്‍ സിവില്‍ രജിസ്ട്രേഷനുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലെ മാറ്റങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് നടപടി. പുന: സംഘടിപ്പിച്ച ജനന-മരണ രജിസ്ട്രേഷന്‍ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ദേശം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. ഉഷ ബിന്ദുമോള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കിയത്. 

ജില്ലയിലെ എല്ലാ ആശുപത്രികള്‍ക്കും സിവില്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പുതുക്കിയ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍ എന്നിവ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലെയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണം. 

കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന്, 2008 ലെ കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങളുടെ ഭേദഗതി നിലവില്‍ വരുന്ന തീയതി വരെ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉള്‍പ്പെടെയുളള ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ആയി ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതിയുണ്ട്. 

എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വിവാഹ രജിസ്ട്രേഷനായി നല്‍കുന്ന മെമ്മോറാണ്ടത്തിനൊപ്പം ജനന തീയതി തെളിയിക്കുന്നതിനുളള അംഗീകൃത രേഖകളും വിവാഹം നടന്നതിനുളള തെളിവും നല്‍കണം. വിവാഹം നടന്നതിനുളള തെളിവായി, മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് അല്ലെങ്കില്‍ ഗസറ്റഡ് ഓഫീസര്‍/എം.പി/എം.എല്‍.എ/തദ്ദേശ സ്ഥാപന അംഗം എന്നിവരില്‍ ആരെങ്കിലും ഫോറം നമ്പര്‍ 2 ല്‍ നല്‍കുന്ന ഡിക്ലറേഷനും ഏതെങ്കിലും സ്റ്റാറ്റിയൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും തെളിവായി സ്വീകരിക്കാം. 

ജനന-മരണ രജിസ്റ്ററിലെ വിവരം തിരുത്തുന്നതിനോ റദ്ദാക്കുന്നതിനോ അപേക്ഷ ലഭിച്ചാല്‍ രജിസ്ട്രാര്‍ മതിയായ അന്വേഷണം നടത്താതെ അപേക്ഷ നിരസിക്കരുത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ഭേദഗതി നിയമം 2022 പ്രകാരം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ കുട്ടികളെ ദത്ത് നല്‍കാം. ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് കോടതി ഉത്തരവിന് പകരം ജില്ലാ മജിസ്ട്രേറ്റിന്റെ /ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത് നല്‍കണം.

date