Skip to main content

സംസ്ഥാനതല പട്ടയ മേള മാനന്തവാടിയില്‍; ജില്ലയില്‍ 1203 കുടുംബങ്ങള്‍ ഭൂവുടമകളാകും

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുളള സംസ്ഥാന തല പട്ടയമേള മാനന്തവാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍  ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 7 ന് രാവിലെ 11 ന് ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന  മേളയില്‍  ജില്ല യിലെ 1203 ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍  വെളളമുണ്ട വില്ലേജ് ഓഫീസിന്റെ  ശിലാ സ്ഥാപനവും മന്ത്രി നിര്‍വ്വഹിക്കും.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനവും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടയമേള സംഘടിപ്പിക്കുന്നത്. ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കുന്നതിനും സേവനങ്ങള്‍ സ്മാര്‍ട്ടാക്കുന്നതിനും പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കിയതിലൂടെ ജില്ലയില്‍  രണ്ട് വര്‍ഷം കൊണ്ട് 1978 പട്ടയങ്ങള്‍ വിതരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ആദ്യ നൂറ് ദിനത്തില്‍ 412 പട്ടയങ്ങളും രണ്ടാം നൂറ് ദിന പരിപാടിയിലൂടെ 1566 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

ഇ- ഗവേണന്‍സ് രംഗത്ത് ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കുന്നതിനായി പ്രവര്‍ത്തിച്ചവര്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിതരണം ചെയ്യും. ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഐസി. ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ ടി.വി. അനുപമ, ജില്ലാ കളക്ടര്‍ എ.ഗീത തുടങ്ങിയവര്‍ പങ്കെടുക്കും. പത്മശ്രീ പുരസ്‌ക്കാരം നേടിയ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിക്കും.

 

date