Skip to main content

വനിതകള്‍ക്കായി നോളജ് എക്കണോമി മിഷന്‍ തൊഴില്‍മേള മാര്‍ച്ച് നാലിന്‌ റാന്നിയില്‍

 ലോക വനിതാദിനത്തില്‍ കേരളത്തില്‍നിന്ന് 1000 വനിതാ തൊഴില്‍ അന്വേഷകര്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ കൈമാറുകയെന്ന ലക്ഷ്യത്തോടെ കെ-ഡിസ്‌കിനു കീഴിലുള്ള നോളജ് എക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന 'തൊഴിലരങ്ങത്തേക്ക്' പരിപാടിയുടെ ഭാഗമായി വനിതകള്‍ക്കായുള്ള തൊഴില്‍മേള നാളെ (മാര്‍ച്ച് നാല്) റാന്നി സെന്റ് തോമസ് കോളജില്‍ നടക്കും. കുടുംബശ്രീ, ജില്ലാ പഞ്ചായത്ത്, ഐസിടി അക്കാദമി ഓഫ് കേരള, സിഐഐ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.  
രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ തൊഴില്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും പിഎസ്‌സി അംഗം അഡ്വ. റോഷന്‍ റോയ് മാത്യുവും മുഖ്യാതിഥികള്‍ ആയിരിക്കും. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിക്കും.
തൊഴില്‍രഹിതരായ സ്ത്രീകള്‍, ഇടക്കാലത്ത് പല കാരണങ്ങളാല്‍ തൊഴിലില്‍നിന്ന് ബ്രേക്ക് എടുക്കേണ്ടിവന്ന സ്ത്രീകള്‍, തിരിച്ചെത്തിയ പ്രവാസി വനിതകള്‍ തുടങ്ങിയവര്‍ക്കെല്ലാം മേളയില്‍ പങ്കെടുക്കാം. ഡിഡബ്ല്യുഎംഎസ് വെബ്സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും രജിസ്റ്റര്‍ ചെയ്തും നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും മേളയില്‍ പങ്കെടുക്കാം.  ഐടി, ഐടി ഇതര മേഖലകളില്‍ നിന്നുള്ള പ്രമുഖ കമ്പനികള്‍ തൊഴില്‍ വാഗ്ദാനവുമായി മേളയിലുണ്ടാകും. ഫോണ്‍: 0471-2737883.

date