Skip to main content

സുരക്ഷ - 2023; ഔദ്യോഗിക ഗാനം പ്രകാശനം ചെയ്തു

ലീഡ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന 'സുരക്ഷ - 2023' ക്യാമ്പെയിനിന്റെ ഔദ്യോഗിക ഗാനം ജില്ലാ കളക്ടര്‍ എ. ഗീത പ്രകാശനം ചെയ്തു. സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് 'സുരക്ഷ -2023'. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നബാര്‍ഡിന്റെയും റിസര്‍വ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ദൗത്യം നടപ്പിലാക്കുന്നത്. 'പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന', 'പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന', 'അടല്‍ പെന്‍ഷന്‍ യോജന' തുടങ്ങിയ സാമൂഹ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന 'സുരക്ഷ-2023' ജനുവരി 12 ന് ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചിരുന്നു. 20 രൂപ വാര്‍ഷികപ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് നല്‍കുന്നതാണ് പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജന. പൂര്‍ണ അംഗവൈകല്യത്തിന് 2 ലക്ഷം രൂപയും പരിമിത അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. 436 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന. എല്ലാവിധ മരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഈ സാമൂഹിക സുരക്ഷാ പദ്ധതികള്‍ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നവയാണ്. ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന് കീഴിലുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വിഷയത്തില്‍ ഡെല്‍റ്റ റാങ്കിംഗില്‍ വയനാട് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമിന് കീഴിലുള്ള കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ജനങ്ങളും അതാത് സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ചേരണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സാമൂഹ്യസുരക്ഷാ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ലീഡ് ബാങ്ക് ജില്ലയില്‍ തെരുവുനാടകങ്ങള്‍ അവതരിപ്പിക്കുന്നു. 'സുരക്ഷ' ക്യാമ്പയിനിന്റെ ഭാഗമായി പാമ്പും കോണിയും കളികളിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സാക്ഷരത പകര്‍ന്നു നല്‍കും. കോളേജുകള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സാമ്പത്തിക സാക്ഷരത ക്ലാസ്സുകളും എന്റോള്‍മെന്റ് ക്യാമ്പുകളും സംഘടിപ്പിക്കുന്നു.

 

date