Skip to main content

എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയ്ക്കു ക്രമീകരണങ്ങൾ പൂർത്തിയായി: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2023 മാർച്ച് ഒമ്പതിന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ 29 ന് അവസാനിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 9.30നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുക. 4,19,362 റെഗുലർ വിദ്യാർഥികളും192 പ്രൈവറ്റ്  വിദ്യാർഥികളും പരീക്ഷയെഴുതും. ഇതിൽ 2,13,801  ആൺകുട്ടികളും 2,05,561 പെൺകുട്ടികളുമാണുള്ളത്. സർക്കാർ മേഖലയിൽ 1,170, എയിഡഡ് മേഖലയിൽ 1,421, അൺ എയിഡഡ് മേഖലയിൽ 369 എന്നിങ്ങനെ ആകെ 2,960 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി. പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയുടെമൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നു മുതൽ 26 വരെ നടക്കും. 18000ൽപ്പരം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിക്കും.

2023 പരീക്ഷ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാർഥികൾ ഇത്തവണ ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷയും 4,42,067 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതുമെന്നു മന്ത്രി പറഞ്ഞു. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണയ ക്യാമ്പുകൾ നടക്കും. 80 ക്യാമ്പുകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിർണയ ക്യാമ്പുകളിലുണ്ടാകും.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28820ഉം രണ്ടാം വർഷത്തിൽ 30740ഉം വിദ്യാർഥികൾ പരീക്ഷ എഴുതും. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയ ആരംഭിക്കും. 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30ന് അവസാനിക്കും.

പാഠപുസ്തകം വിതരണം

2023 - 24 അധ്യയന വർഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട് ഒന്നാം വാല്യം ആകെ 2.81 കോടി പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നൽകിയതായി മന്ത്രി അറിയിച്ചു. അച്ചടി പുരോഗമിക്കുകയാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ 40 ലക്ഷം പാഠപുസ്തകങ്ങൾ വിതരണത്തിനായി ജില്ലാ ഹബുകളിൽ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴി പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 25 ന് വൈകിട്ടു മൂന്നിന് ആലപ്പുഴയിൽ നടക്കും.

സ്‌കൂൾ യൂണിഫോം വിതരണം

മാർച്ച് 25ന് രാവിലെ പത്തിന് സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്നു മന്ത്രി അറിയിച്ചു.130 കോടി രൂപയാണു യൂണിഫോം വിതരണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. 10 ലക്ഷത്തിൽപ്പരം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് ഹയർസെക്കണ്ടറി വിഭാഗം ‘വി ഹെൽപ്പ്’ എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 18004252844 എന്ന നമ്പറിൽ വിളിക്കാം. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.

എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും  സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർസെക്കണ്ടറി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹൗ ആർ യു

പരീക്ഷാകാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ഹെൽപ്പ് ലൈൻ മാർച്ച് 8 മുതൽ ആരംഭിക്കും. 0471-2320323 എന്ന നമ്പറിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലികൗൺസലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം.

പ്രത്യേക പരിപാടി

പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ധർ, തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി  ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 1123/2023

date