Skip to main content
ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിൽ നടത്തിയ ഏകദിന ശിൽപശാല ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യുന്നു.

സ്റ്റാർട്ട്അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന്റെ എൻജിൻ: ഡോ. സാബു തോമസ്

 

കോട്ടയം: സ്റ്റാർട്ട്അപ്പുകളായിരിക്കും സംസ്ഥാനത്തിന്റെ വികസന കുതിപ്പിന്റെ എൻജിനുകളെന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. ജില്ലാ ആസൂത്രണ സമിതിയുടെ മേൽനോട്ടത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, ജില്ലാതല ഉദ്യോഗസ്ഥർ, ജില്ലാ റിസോഴ്‌സ് സെന്റർ അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഏകദിന ശിൽപശാല ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പാക്കുന്ന പദ്ധതികൾ സമൂഹത്തിന് പ്രയോജനമുള്ളതാകണം. സർവകലാശാലകളിലെയും കോളജുകളിലെയും റിസോഴ്‌സ് പേഴ്‌സൺസിനെ ഉൾപ്പെടുത്തി നല്ല പദ്ധതികൾ രൂപീകരിക്കണം. പദ്ധതിനിർവഹണത്തിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം ചെയ്യുമെന്ന കൃത്യമായ ആസൂത്രണം ഉണ്ടായിരിക്കണം. സർവകലാശാലയുടെ സമ്പൂർണമായ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകും. പല മേഖലകളിൽ നിന്നു വിരമിച്ചവരുടെ വൈദഗ്ധ്യം കൂടി ഉൾപ്പെടുത്തി സർവകലാശാലയിൽ 'യൂണിവേഴ്‌സിറ്റി ഓഫ് തേഡ് ഏജ്' രൂപീകരിക്കാനുള്ള നീക്കത്തിലാണ് സർവകലാശാല എന്നും ഡോ. സാബു തോമസ് പറഞ്ഞു.
 ജില്ലാ ആസൂത്രണ സമിതി അധ്യക്ഷകൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. സമിതി മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ. പി. കെ ജയശ്രീ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗങ്ങളായ മഞ്ജു സുജിത്ത്, ഹേമലത പ്രേം സാഗർ, ജോസ്‌മോൻ മുണ്ടയ്ക്കൽ, സുധ കുര്യൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി ബൈജു രാമപുരം, ജില്ല പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യൂ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു.

date