Skip to main content

റെയ്‌സെറ്റ് ജില്ലാതല എക്‌സിബിഷൻ: റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കണ്ടുപിടിത്തങ്ങളുമായി വിദ്യാർഥികൾ

പതിവിൽനിന്ന് വ്യത്യസ്തമായി ഉദ്ഘാടകയെ പുസ്തകവുമായി സ്വീകരിക്കാനെത്തിയത് ഒരു റോബോട്ടായിരുന്നു. അതും വിദ്യാർഥികൾ നിർമ്മിച്ചത്. അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച റെയ്‌സെറ്റ് ജില്ലാതല റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെൻസിങ്ങ് എക്സിബിഷൻ റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിദ്യാർഥികളുടെ നൂതന കണ്ടുപിടിത്തങ്ങൾ കൊണ്ടാണ് ശ്രദ്ധേയമായത്. എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ അരോളി ഹൈസ്‌കൂൾ വിദ്യാർഥികൾ നിർമ്മിച്ച റോബോട്ടാണ് പുസ്തകം നൽകി സ്വീകരിച്ചത്. സഞ്ചരിക്കുന്ന റോബോട്ട് ഉൾപ്പെടെ വിവിധ റോബോട്ടുകളാണ് അരോളി ഹൈസ്‌കൂൾ വിദ്യാർഥികൾ ഒരുക്കിയത്.
ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കാനായി കതിരൂർ ജിവിഎച്ച്എസ്എസ് കുട്ടികളൊരുക്കിയ ട്രെയിൻ സെക്യൂരിറ്റി സിസ്റ്റം എന്ന മൊബൈൽ ആപ്ലിക്കേഷനായിരുന്നു മറ്റൊരു കണ്ടുപിടിത്തം. ട്രെയിനിയിൽ എന്തങ്കിലും കുറ്റകുത്യം നടന്നാൽ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത മൊബൈൽ ആപ്പ് ഓണാക്കി അതിലെ ബട്ടൺ അമർത്തുമ്പോൾ ട്രെയിൻ ഡോർ ഓട്ടോമാറ്റിക്കായി അടയും, അലാറം മുഴങ്ങും, ചുവന്ന ബൾബ് പ്രകാശിക്കുകയും ചെയ്യും. ഇതോടൊപ്പം ലോക്കോ പൈലറ്റിന്റെ കാബിനിൽ ചുവറ്റ ലൈറ്റ് കത്തും. അടുത്ത റെയിൽവേ സ്്‌റ്റേഷനിലേക്ക് സന്ദേശം പോവും. അതേ മൊബൈലിലെ മറ്റൊരു ബട്ടൺ അമർത്തുമ്പോൾ മാത്രമേ ഡോർ അൺലോക്ക് ആവൂ. ഇതിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നാണ് വിദ്യാർഥികൾ വിശദീകരിക്കുന്നത്. 15 സ്‌കൂളുകളിൽനിന്ന് പങ്കെടുത്ത 95 കുട്ടികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. അറുപതോളം കണ്ടുപിടിത്തങ്ങൾ മേളയെ ശ്രദ്ധേയമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷയായി. ഹയർ സെക്കൻഡറി റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കണ്ണൂർ കെ എച്ച് സാജൻ മുഖ്യാതിഥിയായി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ് പരിപാടി വിശദീകരിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ പി വി അജിത, കണ്ണൂർ ഡിഇ ഒ കെ സുനിൽകുമാർ, സമഗ്രശിക്ഷാ കേരളം ഡി പി ഒ ടി പി അശോകൻ, പാപ്പിനിശ്ശേരി എ ഇ ഒ പി വി വിനോദ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ കെവി സുരേന്ദ്രൻ, പ്രധാനാധ്യാപിക പി പി റിമ, പിടിഎ പ്രസിഡണ്ട് ടി അജയൻ, കെ വി അരുണ, സമഗ്രശിക്ഷാ കേരളം ബി പി സി കെ പ്രകാശൻ, എം കെ സുനന്ദ്, കെ സി മഹേഷ്, കെ വി ഗിരിജ, എം മനോജ് കുമാർ, എ സിന്ധു എന്നിവർ സംസാരിച്ചു.

date