Skip to main content

മാലിന്യ സംസ്‌കരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടി : ജില്ലാ കളക്ടര്‍

മഴക്കാലത്തിന് മുന്‍പ് ജില്ലയില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള മാലിന്യ സംസ്‌കരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. പരിസ്ഥിതി സംരക്ഷണനിയമം സംബന്ധിച്ച ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഖര മാലിന്യങ്ങള്‍ കുന്നുകൂടുന്നത് ജില്ലയില്‍ പലസ്ഥലങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പഞ്ചായത്ത് വകുപ്പിന് കളക്ടര്‍ പ്രത്യേക നിര്‍ദേശം നല്‍കി. ഹരിതകര്‍മ്മ സേനയെ പൂര്‍ണതോതില്‍ ഉപയോഗിച്ച് പ്രവൃത്തികള്‍ കാര്യക്ഷമമാക്കണം. മാലിന്യം പുറംതള്ളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ലൈസന്‍സ് റദ്ധാക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും.പഞ്ചായത്തിന്റെയോ മുന്‍സിപ്പാലിറ്റികളുടെയോ വിസ്തൃതിക്കനുസരിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങളുടെ എണ്ണം കൂട്ടണം. പൊതുജനങ്ങളുടെ സഹകരണവും ഉണ്ടാകേണ്ടതുണ്ട്. മാലിന്യം വേര്‍തിരിച്ചുതന്നെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ഏല്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. യൂസര്‍ ഫീ ഈടാക്കുന്നത് നിയമാനുസൃതം മാത്രമാണ്.

വനത്തില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവൃത്തി അടുത്തകാലത്തായി കൂടി വരികയാണ്. അതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. മാലിന്യശേഖരവുമായി വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക പെട്രോളിംഗ് ഉണ്ടാകും. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കണ്ടെത്തുവാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കും. കനാലുകളും തോടുകളും ശുദ്ധീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ശുചിത്വ മിഷന്‍ അടക്കമുള്ള ഏജന്‍സികളും മറ്റ് വകുപ്പുകളും തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കാന്‍ എല്ലാ മാസവും കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാനും തീരുമാനമായി.

കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ , വിവിധ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍ , ക്ളീന്‍കേരള കമ്പനി പ്രതിനിധികള്‍ , ജില്ലാ ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date