വനിതാദിനാചരണവും വിളർച്ചാ പരിശോധന ക്യാമ്പും
കോട്ടയം: വനിതാദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പാലാ അൽഫോൻസാ കോളജിൽ ഇന്ന് വിളർച്ചാ പരിശോധനാ ക്യാമ്പും രക്തദാന ക്യാമ്പും വനിതാദിന സമ്മേളനവും സംഘടിപ്പിക്കുന്നു. ആരോഗ്യവകുപ്പ്, ആരോഗ്യകേരളം, പാലാ ബ്ളഡ് ഫോറം, പാലാ അൽഫോൻസാ കോളേജിലെ എൻ.എസ്.എസ്, വനിതാ സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ 500 വനിതകളുടെ വിളർച്ചാ പരിശോധന നടത്തും. 50 വനിതകൾ രക്തദാനത്തിലും പങ്കാളിയാകും.
വനിതാദിന സമ്മേളനം രാവിലെ 9.30ന് മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. വിളർച്ച പരിശോധനാ ക്യാമ്പ് സിനിമാതാരം അഞ്ജു കൃഷ്ണ അശോകും രക്തദാന ക്യാമ്പ് പാലാ ഡിവൈ.എസ്.പി യും പാലാ ബ്ളഡ് ഫോറം ചെയർമാനുമായ എ.ജെ തോമസും ഉദ്ഘാടനം ചെയ്യും. നഗരസഭാംഗം ജിമ്മി ജോസഫ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. സി.ജെ. സിതാര, ആരോഗ്യവകുപ്പ് മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റജീനാമ്മ ജോസഫ്, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. ഫാ. ഷാജി ജോൺ, ഷിബു തെക്കേമറ്റം, ഡോ.സിമിമോൾ സെബാസ്റ്റ്യൻ, സ്മിതാ ക്ളാരി ജോസഫ് എന്നിവർ പ്രസംഗിക്കും.
- Log in to post comments