Skip to main content
പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് സാഫ് പദ്ധതിക്ക് കീഴിൽ ആരംഭിച്ച 'രുചി' ഉണക്ക ചെമ്മീൻ, പുഴമത്സ്യ യൂനിറ്റിലെ ജമീല, സാറ, നസീമ, ഫിറോസ

'രുചി'യിലൂടെ വിജയവഴി കണ്ടെത്തി ജമീലയും കൂട്ടുകാരും

മത്സ്യത്തൊഴിലാളി വനിതകൾക്ക് താങ്ങും തണലുമായി 'സാഫ്'

പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് നാല് വനിതകൾ ചേർന്ന് 2015ൽ സാഫ് പദ്ധതിക്ക് കീഴിൽ ആരംഭിച്ച 'രുചി' ഉണക്ക ചെമ്മീൻ, പുഴമത്സ്യ യൂണിറ്റ് വിജയവഴിയിൽ. ഈ സംരംഭം ജമീല, സാറ, നസീമ, ഫിറോസ എന്നീ നാല് വനിതകളുടെ കുടുംബങ്ങൾക്ക് അത്താണിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് മത്സ്യത്തൊഴിലാളി വനിതകളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന് കീഴിൽ 2005 ൽ ആരംഭിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) വഴിയാണ് തീരദേശത്തെ മത്സ്യത്തൊഴിലാളി വനിതകൾക്കുവേണ്ടി ചെറുകിട തൊഴിൽ സംരംഭം പദ്ധതി നടപ്പിലാക്കി വരുന്നത്.
'രുചി' യൂനിറ്റ് തുടക്കത്തിൽ കഷ്ടത അനുഭവിച്ചെങ്കിലും ഇപ്പോൾ നല്ല രീതിയിൽ ആണ് സംരംഭം മുന്നോട്ട് പോകുന്നത്. കൂട്ടായ പ്രവർത്തനവും ഒരേ മനസ്സും അധ്വാനിക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ഏത് പദ്ധതിയും വിജയിപ്പിച്ച് എടുക്കാം എന്നുള്ള ഒരു തെളിവാണ് ഇതിലൂടെ ജമീലയും സംഘവും നമുക്ക് കാണിച്ചു തരുന്നത്.
സാഫ് പദ്ധതിക്ക് കീഴിൽ കണ്ണൂർ ജില്ലയിൽ ആകെ 89 സ്വയം തൊഴിൽ സംരംഭങ്ങളിലായി 260 വനിതകൾ ജോലി ചെയ്ത് വരുമാനം കണ്ടെത്തുന്നു. സീഫുഡ് റെസ്റ്റോറന്റ്, തീരമാവേലി, സൂപ്പർമാർക്കറ്റ്, ഫിഷ് യൂണിറ്റ്, ഫിഷ് സ്റ്റാൾ, ടൈലറിംഗ്, ബ്യൂട്ടിപാർലർ, ഫ്‌ളോർമിൽ എന്നീ വിവിധ തരം സംരംഭങ്ങൾ ജില്ലയിൽ പ്രവർത്തിച്ചുവരുന്നു. 7,000 രൂപ മുതൽ 35,000 രൂപ വരെയാണ് യൂണിറ്റ് അംഗങ്ങൾക്ക് മാസവരുമാനമായി ലഭിക്കുന്നത്.
കടലിനെയും കായലിനെയും ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി വിവിധതരത്തിലുള്ള തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സാഫ് മുഖേന നൽകി വരുന്നു. കേരളത്തിലുടനീളം 10 ജില്ലകളിലായി 8000 ത്തോളം മത്സ്യത്തൊഴിലാളി വനിതകൾ 1800 ചെറുകിട തൊഴിൽ സംരംഭങ്ങളിലായി നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അഞ്ച് പേരടങ്ങുന്ന ഒരു യൂനിറ്റിന് അഞ്ച് ലക്ഷം രൂപ-ഒരംഗത്തിന് ഒരു ലക്ഷം വരെ ഗ്രാന്റ് അനുവദിക്കുന്നു. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. 2021-22 വർഷത്തിൽ 84 കോടിയുടെ വിറ്റുവരവ് ഈ പദ്ധതിയിലെ സംരംഭകർക്ക് നേടാൻ കഴിഞ്ഞു.

date