Skip to main content

2587 മുൻഗണനാ കാർഡുകൾ കൂടി പൊതുവിഭാഗത്തിലേക്ക്

തൃശൂർ ജില്ലയിലെ 7 താലൂക്കുകളിലായുള്ള 2587 മുൻഗണനാ കാർഡുകൾ കൂടി പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. 508 അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡുടമകളും 2079 പി എച്ച് (മുൻഗണനാവിഭാഗം-പിങ്ക്) കാർഡുടമകളും കഴിഞ്ഞ 6 മാസമായി തങ്ങളുടെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇത്തരം കാർഡുടമകൾ റേഷൻ വിഹിതം കൈപ്പറ്റാത്തതിനുള്ള തക്കതായ കാരണം അറിയിച്ചില്ലെങ്കിൽ ഈ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും. എന്നാൽ ഈ കാർഡുകളിൽ ഗുരുതരരോഗം ബാധിച്ചവരോ അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവരോ ഉണ്ടെങ്കിൽ പ്രസ്തുത കാർഡുകൾ സ്റ്റേറ്റ് പ്രയോരിറ്റി വിഭാഗത്തിൽ ഉൾപ്പെടുത്തി ചികിത്സാനുകൂല്യം ലഭ്യമാക്കുന്നതിനുള്ള സൗകര്യം പൊതുവിതരണവകുപ്പ് ഒരുക്കിയിട്ടുണ്ട്. തലപ്പിള്ളി താലൂക്കിൽ ഇത്തരത്തിലുള്ള 300 ൽപരം കാർഡുകൾ ജനുവരിയിൽ പൊതുവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. നാളിതുവരെ പരാതികൾ ലഭിച്ചില്ല. ഇതുവഴി മുൻഗണനാകാർഡുകൾക്കായി അപേക്ഷിക്കുന്നവരിൽ തികച്ചും അർഹരായവർക്ക് കാർഡ് നൽകുന്നതിന് സാധിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

ഓപ്പറേഷൻ യെല്ലോ പ്രകാരം ജില്ലയിൽ ഇതുവരെ അനർഹമായി കൈവശം വച്ചിരുന്ന 6882 മുൻഗണനാകാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരിൽ നിന്നും 3 കോടിയോളം രൂപ സർക്കാരിലേക്ക് അടവാക്കുന്നതിന് നോട്ടീസ് നൽകുകയും 1.75 കോടിയിൽ പരം രൂപ അടവുവരുത്തുകയും ചെയ്തു.

 ജില്ലയിൽ ഒരംഗം മാത്രമുള്ള 273 എ എ വൈ കാർഡുകൾ ഉള്ളത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അത്തരം കാർഡുകളുടെ ഫീൽഡ്തല പരിശോധന കഴിഞ്ഞമാസം മുതൽ ആരംഭിച്ചു. പരിശോധനയിൽ മരണപ്പെട്ടവരും മറ്റ് ജില്ലകളിലും കേരളത്തിന് പുറത്തും താമസിക്കുന്നവരും ഉണ്ടെന്ന് കണ്ടെത്തി. കൂടുതൽ പേരും മറ്റ് കുടുംബാംഗങ്ങളോടൊപ്പം താമസിച്ച് വരുന്നതായും മുൻഗണനാകാർഡ് ദുരുപയോഗം ചെയ്തുവരുന്നതായും കണ്ടെത്തി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരും.

റേഷൻകടകളിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ വൈദ്യുതി, വെള്ളം തുടങ്ങി സർക്കാരിൽ നിന്നുള്ള പല ആനുകൂല്യങ്ങളും അനർഹർ അനുഭവിക്കുന്നുണ്ട്. ഏപ്രിൽ 30നകം ജില്ലയിൽ അനർഹമായി ഉപയോഗിക്കുന്ന റേഷൻകാർഡുകൾ പിടിച്ചെടുത്ത് അർഹതയുള്ളവരെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date