Skip to main content

ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആധുനിക കെട്ടിടം നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിനായി 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ആധുനിക കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൻ്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ പ്രകാരമുള്ള ലാബുകൾ അടങ്ങിയ ആധുനിക കെട്ടിടമാണ് നിർമ്മിക്കുന്നത്.

സ്ഥലസൗകര്യം പരിമിതമായ, പഴക്കം ചെന്ന ഷീറ്റ് മേഞ്ഞ കെട്ടിടത്തിലാണ് 72 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ, വടക്കാഞ്ചേരി നഗരസഭ അസിസ്റ്റൻ്റ് എഞ്ചിനീയർ, വടക്കാഞ്ചേരി ബ്ലോക്ക് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പുതിയ കെട്ടിടത്തിൻ്റെ പ്ലാനും സ്ഥലവും നിശ്ചയിക്കുകയും നിർമ്മാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തിൻ്റെയും നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെയും ഭാവി വികസന സാധ്യതകൾ പരിഗണിച്ചാണ് നിർമ്മാണം.

സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ സ്ഥലം സന്ദർശിച്ചു. നിർമ്മാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് എംഎൽ എഅറിയിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്ട്രക്ടർ ഇൻചാർജ് കെ ഡി രജനി എന്നിവർ സന്നിഹിതരായി.

date