Skip to main content
സൗജന്യ ഹീമോഗ്ലോബിൻ പരിശോധന

വനിതാദിനം :  സൗജന്യ ഹീമോഗ്ലോബിൻ പരിശോധനയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു 

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ   "വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് "  വിവ കേരളം ക്യാമ്പയിന്റെ ഭാഗമായി  വനിതാ ദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ഹീമോഗ്ലോബിൻ പരിശോധന നടത്തി. സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ക്യാമ്പ് ജില്ലാ കലക്ടർ ഡോ എസ്. ചിത്ര  ഉദ്‌ഘാടനം ചെയ്തു. ഏല്ലാവരും സ്വന്തം ആരോഗ്യം സംരക്ഷിക്കണമെന്നും  ഏവർക്കും വനിതാദിനാശംസകൾ നേരുന്നതായും ജില്ലാ കലക്ടർ അറിയിച്ചു. 15 മുതൽ 59 വയസ്സ് വരെയുള്ള പെൺകുട്ടികളിലും സ്ത്രീകളിലും അനീമിയ നിർണയവും ആവശ്യമായവർക്ക് ചികിത്സയും ഉറപ്പാക്കുന്ന സമ്പൂർണ്ണ  അനീമിയ നിർണയ -നിയന്ത്രണ ക്യാമ്പയിനാണ് വിവ കേരളം. വിളർച്ച ഇല്ലാതാക്കുന്നതിന് ഭക്ഷണശീലം - ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ബോധവത്കരണം  നൽകുകയാണ് ക്യാമ്പയിനിലൂടെ.  ഹീമോഗ്ലോബിൻ നിർണയ ക്യാമ്പിൽ 533 ജീവനക്കാരുടെ പരിശോധന നടത്തി. ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ അനീമിയയുടെ തോത് 40 ശതമാനത്തില്‍ താഴെയുള്ള ഏക സംസ്ഥാനമാണ് കേരളം എന്നിരിക്കെ  ഫലപ്രദമായ ഇടപെടലുകളിലൂടെ വിളര്‍ച്ച മുക്ത സംസ്ഥാനമാക്കാനാണ് ക്യാമ്പയിനിലൂടെ  ഉദ്ദേശിക്കുന്നത്. തുടർന്ന്  ഗവ. നഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി  റീത്ത , ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എ.കെ അനിത, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഗീതു മരിയ ജോസഫ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ പി.എ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
 

date