Skip to main content

കോഴിയും കൂടും പദ്ധതിക്ക് ജില്ലയിൽ തുടക്കം

മൃഗസംരക്ഷണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ കോർപ്പറേഷൻ പരിധിയിൽ കോഴിയും കൂടും പദ്ധതിക്ക് തുടക്കമായി. ഒല്ലൂർ മൃഗാശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പരിധിയിൽ 150 യൂണിറ്റ് കോഴിക്കൂടുകൾ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. നഗരപ്രദേശങ്ങളിൽ സ്ഥലപരിമിതി മറികടന്ന് മുട്ട ഉത്പാദനം സാധ്യമാക്കുകയാണ് ലക്ഷ്യം.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ പാൽ ഉല്പാദനത്തിൽ സ്വയം പര്യപ്തത കൈവരിച്ചത് പോലെ മുട്ട ഉല്പാദനത്തിലെ ലഭ്യത കുറവ് പരിഹരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. പൊതുസമൂഹത്തിന് മാറ്റം വരണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പത്തുകോഴികളുള്ള ഒരു കൂട് യൂണിറ്റിന് 15,000 രൂപക്ക് 9500 രൂപ സബ്സിഡിയോടെ ലഭിക്കും. അഞ്ചു കോഴികളുള്ള കൂട് യൂണിറ്റിന് 8000 രൂപക്ക് 5350 രൂപ സബ്‌സിഡി ലഭിക്കും. കോഴിക്കുള്ള തീറ്റ, മരുന്ന്, വിറ്റാമിൻ എന്നിവ അടങ്ങുന്നതാണ് ഒരു യൂണിറ്റ്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ ജി സുരജ, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഫ്രാൻസിസ് ബാസ്റ്റിൻ, സീനിയർ വെറ്റിനറി സർജൻ റീനു ജോൺ, ചീഫ് വെറ്റിനറി ഓഫീസർ ഡോ.ലത മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date