Skip to main content

ദേശീയ സഫായി കർമചാരി കമ്മീഷൻ യോഗം ചേർന്നു

ശുചീകരണ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദേശീയ സഫായി കർമചാരി കമ്മീഷൻ യോഗം ചേർന്നു. ദേശീയ സഫായി കർമചാരി കമ്മീഷൻ അംഗം ഡോ. പി പി വാവ ജില്ലയിലെ നഗരസഭാ കോർപറേഷൻ ശുചീകരണ തൊഴിലാളികളുമായി സംവദിച്ചു. ശുചീകരണ തൊഴിലാളികൾക്കായി നാഷണൽ സഫായി കർമചാരിസ് ഫിനാൻസ് ആൻഡ് ഡവലപ്പ്മെന്റ് കോർപറേഷൻ അനവധി പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അത് കേരളത്തിലെ ശുചീകരണ തൊഴിലാളികൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ വികസന കോർപറേഷൻ, പിന്നോക്ക വിഭാഗ കോർപറേഷൻ, എസ്‌ സി എസ്‌ ടി കോർപറേഷൻ എന്നിവ വഴിയാണ് വായ്പ ലഭ്യമാക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ മഹിളാ സമൃദ്ധി യോജന, ഉന്നത വിദ്യാഭ്യാസ വായ്പ, പൊതു ടോയ്ലറ്റുകൾക്കായി വായ്പ തുടങ്ങി നിരവധി സ്കീമുകൾ ശുചീകരണ തൊഴിലാളിക്കായി നൽകുന്നുണ്ട്. പ്രൊഫഷണൽ കോഴ്സുകളിൽ ശുചീകരണ തൊഴിലാളികളുടെ മക്കൾക്ക് 5 ശതമാനം സംവരണവും നൽകുന്നുണ്ടെന്നും പി പി വാവ പറഞ്ഞു.

 യോഗത്തിൽ ശുചീകരണ തൊഴിലാളികൾക്ക് സ്കീമുകളെ പരിചയപ്പെടുത്തുകയും സംശയനിവാരണത്തിനുള്ള അവസരം ഒരുക്കുകയും ചെയ്തു. തുടർന്ന് ജില്ലാ കളക്റുടെ നേതൃത്വത്തിൽ ഡോ. പി പി വാവ അധ്യക്ഷനായി യോഗം ചേർന്നു. യോഗത്തിൽ വനിതാ വികസന കോർപറേഷൻ, പിന്നോക്ക വിഭാഗ കോർപറേഷൻ, എസ്‌ സി - എസ്‌ ടി കോർപറേഷൻ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതികൾ തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനായി ഉദ്യോഗസ്ഥർ മുൻകൈയ്യെടുക്കണമെന്ന്‌ കമ്മീഷൻ അംഗം പി പി വാവ ആവശ്യപ്പെട്ടു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ , ഡെപ്യൂട്ടി കളക്ടർ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ, വിവിധ ബാങ്ക് പ്രതിനിധികൾ, നഗരസഭാ കോർപറേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

date