Skip to main content
Dinesh Cpay

സഹകരണ ബാങ്കുകൾക്ക് യുപിഐ: ദിനേശിന്റെ സി-പേ മന്ത്രി ഉദ്ഘാടനം ചെയ്തു

പ്രാഥമിക സഹകരണ സംഘങ്ങളിൽ ഐടി സംയോജനം കൊണ്ടുവരും: മന്ത്രി വിഎൻ വാസവൻ
പ്രാഥമിക സഹകരണ സംഘങ്ങളിൽ ഐടി സംയോജനം കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സംവിധാനമായ യൂനിഫൈഡ് പേമെൻറ് ഇൻറർഫേസ്-യുപിഐ സാധ്യമാക്കാനായി കേരള ദിനേശിന്റെ ഐടി യൂനിറ്റായ ദിനേശ് ഐടി സിസ്റ്റംസ് വികസിപ്പിച്ച സി-പേ മൊബൈൽ ആപ്ലിക്കേഷൻ  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി-പേ ക്യു ആർ കോഡ്, എടിഎം കാർഡ് എന്നിവയും മന്ത്രി പുറത്തിറക്കി.
പ്രാഥമിക സഹകരണ സംഘങ്ങളിൽ ഐടി സംയോജനത്തിനുള്ള ടെക്‌നിക്കൽ ബിഡ് തുറന്നതായും ചില കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്ക് ന്യൂജൻ ബാങ്കുകളോട് മത്സരിക്കാൻ കഴിയുന്ന വിധത്തിൽ എടിഎം, മൊബൈൽ ബാങ്കിംഗ്, ഇൻറർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ നടപ്പിലാക്കി. കേരള ദിനേശ് വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഭാവനയോടെ, ദിശാബോധത്തോടെ വിവിധ പദ്ധതികൾ ഏറ്റെടുത്തതിന്റെ ഭാഗമാണ് സി-പേ മൊബൈൽ ആപ്ലിക്കേഷൻ. ദിനേശിന്റെ സോഫ്റ്റ്‌വെയർ വികസിപ്പിച്ച് കേരളത്തിലെ പ്രൈമറി സംഘങ്ങളെ ഇതിന്റെ ഭാഗമായി കൊണ്ടുവരാൻ കഴിഞ്ഞാൽ, കേരളത്തിന്റെ സഹകരണ മേഖലയ്ക്ക് വലിയ നേട്ടമാവും.ഇവിടെ കൈവരിച്ച നേട്ടം ചെറുതല്ല. നിലവിൽ 55 സംഘങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്ത സി-പേ സോഫ്റ്റ്‌വെയർ കൂടുതൽ സംഘങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ക്രെഡിറ്റ് മേഖലയിൽ മാത്രമല്ല, നോൺ ക്രെഡിറ്റ് മേഖലയിലും ഇടപെടാൻ കഴിയും-മന്ത്രി പറഞ്ഞു.

കേന്ദ്രസർക്കാർ തരുന്ന സോഫ്റ്റ്‌വേർ ഉപയോഗിച്ച്, ഡാറ്റ മുഴുവൻ കൊടുത്ത് കേന്ദ്രം നിർദേശിക്കുന്ന ബൈലോ ഉണ്ടാക്കി അവർ പറയുന്ന രൂപത്തിലുള്ള ചില കാറ്റഗറി സംഘങ്ങൾ രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോവണം എന്നൊക്കെയുള്ള പുതിയ തീട്ടൂരങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പക്ഷേ, അതെല്ലാം നമുക്ക് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ വിവിധ മേഖലകളിലായി നിലവിൽ 23,000 ഓളം സഹകരണ സംഘങ്ങളുണ്ട്. വിവിധ മേഖലകളിൽ മിൽമ, മത്സ്യഫെഡ് പോലുള്ള സംഘങ്ങൾ ഉണ്ടായിരിക്കേ ആ മേഖലയിലെല്ലാം കടന്നുചെന്ന് പുതിയ സംഘങ്ങൾ രജിസ്റ്റർ ചെയ്യണം എന്ന് പറയുന്നതിന്റെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല. ഈ രംഗത്ത് എല്ലാ ഡാറ്റകളും കേന്ദ്രത്തിന് നൽകണം എന്ന് പറയുന്നതിൽ സംശയകരമായ സാഹചര്യം നിലനിൽക്കുന്നു. സഹകരണ രംഗത്ത് കേന്ദ്രം എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകൾ ഭരണഘടനയുടെയും ഫെഡറലിസത്തിന്റെയും ലംഘനമാണെന്ന് കേന്ദ്രത്തോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ സുപ്രീം കോടതി മുമ്പാകെ ഒരു സ്യൂട്ട് ഫയൽ ചെയ്തതായും മന്ത്രി പറഞ്ഞു.

 
കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകൾക്കും സൊസൈറ്റികൾക്കും ഉപയോഗപ്പെടുത്താവുന്ന ആധുനിക ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് സി-പേയിലൂടെ യാഥാർഥ്യമായത്. ഇതോടെ സഹകരണ ബാങ്കിലെ ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് ഇന്ത്യയിൽ എവിടെയും യുപിഐ മുഖേന ഡിജിറ്റൽ പണമിടപാട് നടത്താം. യുവതലമുറയുടെ സാന്നിധ്യം സഹകരണ മേഖലയിൽ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സി-പേ തയ്യാറാക്കിയത്. ദിനേശ് ഐടി സിസ്റ്റംസ് സ്റ്റാർട്ടപ്പ് കമ്പനിയായ എയ്‌സ്‌വേർ ഫിൻടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് സി-പേ യുപിഐ ആപ്പ് വികസിപ്പിച്ചത്.

 
കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ദിനേശ് ഐടി സിസ്റ്റംസ് സിടിഒ ടോമി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. റെയ്ഡ്‌കോ ചെയർമാനും എഐടിഇ ജില്ലാ പ്രസിഡൻറുമായ എം സുരേന്ദ്രൻ മുഖ്യാതിഥിയായി. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ്ബാബു, റബ്‌കോ ചെയർമാൻ കാരായി രാജൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എഎസ് ഷിറാസ്, ജോയിൻറ് രജിസ്ട്രാർ (ജനറൽ) കണ്ണൂർ വി രാമകൃഷ്ണൻ, ജോയിൻറ് ഡയറക്ടർ (ഓഡിറ്റ്) കണ്ണൂർ ഇ രാജേന്ദ്രൻ, സെക്രട്ടറി എംഎം കിഷോർകുമാർ, കെ വി പ്രജീഷ് (കെസിഇയു), എം രാജു (കെസിഇഎഫ്) എന്നിവർ സംസാരിച്ചു.

date