Skip to main content
vannathikadavu

വണ്ണാത്തിക്കടവ് പുതിയ പാലം ഉദ്ഘാടനം ചെയ്തു

സിനിമാ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്
സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കി സിനിമാ ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്നും വിവിധ വകുപ്പുകളുമായി ചേർന്ന് അതിന്റെ പദ്ധതികൾ ആവിഷ്‌ക്കരിച്ചുവരികയാണെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം-കുറ്റൂർ-പെരിങ്ങോം റോഡിൽ ചന്തപ്പുരയിൽ നിർമ്മിച്ച വണ്ണാത്തിക്കടവ് പുതിയ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കളിയാട്ടം' സിനിമയുമായി ബന്ധപ്പെട്ട് വണ്ണാത്തിപ്പുഴ മലയാളികൾ എല്ലാം ഓർക്കുന്നു. അതിനാൽ സിനിമാ ടൂറിസം, തദ്ദേശ വകുപ്പുമായി ചേർന്നുള്ള ഡെസ്റ്റിനേഷൻ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് വണ്ണാത്തിക്കടവ് പാലം, വണ്ണാത്തിപ്പുഴ എന്നിവയെ ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസ്റ്റുകളെ സിനിമാ ചിത്രീകരണം നടന്ന സ്ഥലത്തേക്ക് ആകർഷിക്കുന്നതിനൊപ്പം സിനിമാ ചിത്രീകരണത്തിനായി മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരെ ആകർഷിക്കാനും കഴിയും. ബേക്കൽ കോട്ടയെ പ്രശസ്തമാക്കുന്നതിൽ 'ബോംബേ' സിനിമ വലിയ പങ്ക് വഹിച്ചു. വണ്ണാത്തിക്കടവ് പാലത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ ലോകത്താകെ ലക്ഷക്കണക്കിന് പേരിലേക്ക് എത്തിച്ചേർന്നത് ഈ സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ്. ഒറ്റവരിപ്പാലം ഫോട്ടോഷൂട്ടുകളുടെ പ്രധാന കേന്ദ്രമാണ്. പാലങ്ങളെ ടൂറിസം കേന്ദ്രങ്ങളായിട്ടാണ് പല വിദേശ രാജ്യങ്ങളും കാണുന്നത്. ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളിലെ പാലങ്ങളിൽ വൈദ്യുതാലങ്കാരങ്ങൾ നടത്താൻ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷനായി. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, മുൻ എംഎൽഎ ടി വി രാജേഷ് എന്നിവർ വിശിഷ്ടാതിഥികളായി. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കണ്ണൂർ എക്‌സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി സുലജ, വൈസ് പ്രസിഡൻറ് കെ മോഹനൻ, ജില്ലാ പഞ്ചായത്തംഗം തമ്പാൻ മാസ്റ്റർ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കോഴിക്കോട് മേഖല സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി ഐ വത്സല ടീച്ചർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എംപി പ്രീത, പി വി ഷൈനി, എൻകെ സുജിത്ത്, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ടി ശോഭ, മുൻ പ്രസിഡൻറ് പി പി ദാമോദരൻ, കക്ഷി നേതാക്കളായ കെ പത്മനാഭൻ, എംപി ഉണ്ണികൃഷ്ണൻ, പിടി ഗോവിന്ദൻ നമ്പ്യാർ, ടി രാജൻ, മുസ്തഫ കടന്നപ്പള്ളി, സി ബി കെ സന്തോഷ്, പി സി സനൂപ്, സംഘാടക സമിതി കൺവീനർ ടി വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വണ്ണാത്തിപ്പുഴയ്ക്ക് കുറുകെ നിലവിലുള്ള വീതി കുറഞ്ഞ പഴയ പാലത്തിന് സമീപത്തായാണ് പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച 8.49 കോടി രൂപയിലാണ് പാലം നിർമ്മിച്ചത്. പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. ചന്തപ്പുര ഭാഗത്ത് 320 മീറ്റർ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മീറ്റർ നീളത്തിലും മെക്കാഡം ടാറിംഗ് നടത്തിയ അപ്രോച്ച് റോഡുണ്ട്. നിലവിലെ പഴയ പാലം വീതി കുറഞ്ഞതും അപകടാവസ്ഥയിലുമാണ്. ജനങ്ങളുടെ ചിരകാലാഭിലാഷമായ പുതിയ പാലം യാഥാർഥ്യമായതോടെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.

date