Skip to main content
Bridge

കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട്: മന്ത്രി മുഹമ്മദ് റിയാസ്

പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ ഗ്രാമപഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കുണ്ടേരിപൊയിൽ-കോട്ടയിൽ പാലത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  
പരിപാലന കാലാവധി കഴിയുന്ന ദിവസം മനസ്സിലാക്കി റോഡുകളുടെ കരാർ നേരത്തെ തന്നെ ടെൻഡർ വിളിച്ചുനൽകുന്ന പുതിയ കരാർ സംവിധാനമാണിത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ 30,000 കിലോ മീറ്റർ റോഡുകളൽ 20026 കിലോ മീറ്റർ റോഡുകളും റണ്ണിംഗ് കോൺട്രാക്ടിന്റെ പരിധിയിൽ വരികയാണ്. ഇതിന്റെ ഭാഗമായി റണ്ണിംഗ് കോൺട്രാക്ടിന്റെ നീല ബോർഡുകൾ സ്ഥാപിച്ചുവരികയാണ്. ഓരോ റോഡും ആരുടെ ഉത്തരവാദിത്തമാണെന്ന് ജനങ്ങൾക്ക് നേരിട്ട് മനസ്സിലാക്കി ഇടപെടാൻ ഇതിലൂടെ സാധിക്കും. ബാക്കി വരുന്ന റോഡുകളിൽ 80 ശതമാനം റോഡുകളും കിഫ്ബി പദ്ധതികളാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിച്ചുപോവുകയാണെന്നും മന്ത്രി പറഞ്ഞു.
കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷയായി. പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കണ്ണൂർ എക്‌സിക്യുട്ടീവ് എൻജിനീയർ കെ എം ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ഷീല, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ബാലൻ, മാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി ഹൈമാവതി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ യു പി ശോഭ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം കോഴിക്കോട് മേഖല സൂപ്രണ്ടിംഗ് എൻജിനീയർ പി കെ മിനി, മാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി ജനാർദനൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൻ രേഷ്മ സജീവൻ, പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ടി ശോഭ, ടി ബാലൻ, സി വിജയൻ, കാഞ്ഞിരാളി രാഘവൻ എന്നിവർ സംസാരിച്ചു.
നിലവിൽ ഈ പ്രദേശത്ത് പുഴ മുറിച്ചുകടക്കാൻ ഒരു പഴയ ഇടുങ്ങിയ നടപ്പാലം ആണുള്ളത്. ഈ പാലത്തിലൂടെ വാഹനങ്ങൾക്ക് കടക്കാൻ കഴിയാത്തതിനാൽ വളരെ ബുദ്ധിമുട്ടിയാണ് നാട്ടുകാർ മറുകരയിൽ എത്തിച്ചേരുന്നത്. നടപ്പാതയോടെ പാലം യാഥാർഥ്യമാവുന്നതോടെ ഈ ദുരിതത്തിന് അറുതിയാവും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പാലം ഉപകരിക്കും.
പാലത്തിന് 60.60 മീറ്റർ നീളവും ഏഴര മീറ്റർ വീതിയും ഉണ്ടാവും. ഒന്നര മീറ്റർ വീതിയിൽ നടപ്പാലവും നിർമ്മിക്കും. അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനാണ്. മാലൂർ ഭാഗത്ത് 84 മീറ്റർ നീളത്തിലും ചിറ്റാരിപ്പറമ്പ ഭാഗത്ത് 90 മീറ്റർ നീളത്തിലും അനുബന്ധ റോഡ് ഉണ്ടാവും.

date