Skip to main content

അതിഥി തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

ചിയ്യാരം വിജയമാത ഹാളില്‍ അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ സൊജന്യം മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അതിഥി തൊഴിലാളികള്‍ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിക്കുന്നവരാണ് എന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന് ഇവരോടുള്ള കരുതലിന്റെ ഉദാഹരണമാണ് അതിഥി തൊഴിലാളികളെന്ന് വിളിക്കാനുള്ള തീരുമാനം. പ്രളയത്തിലും കോവിഡിലും അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് ഒരുക്കി സംരക്ഷണം നല്‍കാനും സര്‍ക്കാരിന് സാധിച്ചു. അതിഥി തൊഴിലാളികളില്‍ ലഹരി വിതരണ ഏജന്റുമാര്‍ സജീവമാവുന്ന സാഹചര്യം തടയാന്‍ ഇത്തരം ക്യാമ്പുകളിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മയക്കു മരുന്നിനെതിരായ ബോധവല്‍ക്കരണം അതിഥി തൊഴിലാളികള്‍ക്കിടയില്‍ ശക്തമാക്കണം. അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും തൊഴില്‍ സുരക്ഷയും സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതിന് അനുസൃതമായ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ്, ജില്ല ലേബര്‍ ഓഫീസര്‍ ജോബിന്‍ എം എം, ഡോ. അശ്വതി എല്‍ എം തുടങ്ങിയവര്‍ പങ്കെടുത്തു.

date