Skip to main content

ജീവിതബിരുദം കൊണ്ട് വിജയം കൊയ്ത് യുവജനങ്ങൾ

കെ എസ് സജീഷിനും മാത്യൂസ് വർഗ്ഗീസിനും എം എസ് സുനിതയ്ക്കും മൃഗസംരക്ഷണ പുരസ്‌കാരം

ജില്ലാതല മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള പുരസ്കാരത്തിൽ തിളങ്ങിയത് യുവജനങ്ങളും വനിതകളും. 2021-22ൽ ജില്ലയിലെ മികച്ച ക്ഷീരകർഷകനായി കെ എസ് സജീഷിനെയും മികച്ച സമ്മിശ്ര കർഷകനായി മാത്യൂസ് വർഗ്ഗീസിനെയും മികച്ച മൃഗക്ഷേമ പ്രവർത്തകയായി എം എസ് സുനിതയെയും തെരഞ്ഞെടുക്കുമ്പോൾ അത് മാറ്റത്തിന്റെ തെളിച്ചമുള്ള കഥയാവുന്നു. പ്രായസങ്കല്പത്തെ അട്ടിമറിച്ച് കാർഷിക മേഖലയിലേക്കുള്ള പുതുതലമുറയുടെ കടന്നുവരവ് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങിന്റെ ഫലമാണ്. എംബിഎയും ബിആർക്കും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളടക്കം മണ്ണിലേക്കിറങ്ങുന്നു. ഫാമുകൾ  സ്ഥാപിച്ച് പ്രതിമാസം ലക്ഷങ്ങളുടെ വിറ്റുവരവ് നേടുന്നു. കൃഷിയെ അന്തസുറ്റ ജീവനോപാധിയായി തെരഞ്ഞെടുക്കാൻ വിവിധ മേഖലകളിലുള്ളവർ ആത്മവിശ്വാസത്തോടെ  മുന്നോട്ടുവരുന്നത് കേരളം വളർത്തിയെടുക്കുന്ന ക്രിയാത്മക വികസന മാതൃകയുടെ സാക്ഷ്യപത്രമാണ്.

മികച്ച ക്ഷീരകർഷനായ കെ എസ് സജീഷ് എംബിഎ ബിരുദധാരിയാണ്. വെങ്ങിണ്ണിശ്ശേരിയിൽ ഏഴ് ഏക്കറിലാണ് സജീഷിന്റെ ഫാം.  അമ്പതോളം വിവിധയിനം കറവപശുക്കളെയും കിടാരികളെയും കൂടാതെ പോത്ത്, കോഴി, താറാവ് എന്നിവയെയും ഫാമിൽ വളർത്തുന്നു. പാലിൽ നിന്ന്  മൂല്യവർദ്ധിത ഉത്പന്നങ്ങളായ നെയ്യ്, തൈര്, മോര് എന്നിവയുടെ വില്പനയും നടത്തുന്നുണ്ട്. അഞ്ചുകുടുംബങ്ങൾക്ക് ജീവിതമാർഗ്ഗം കൂടിയാണ് സജീഷന്റെ ഫാം. ഏകദേശം ഒന്നര ലക്ഷം രൂപയാണ് പ്രതിമാസ ലാഭം.

മികച്ച സമ്മിശ്ര കർഷകനായ തൃക്കൂർ സ്വദേശി മാത്യൂസ് വർഗീസ് 2020ലാണ് ആറ് ഏക്കറിൽ ഫാം ആരംഭിച്ചത്. 15 കറവപ്പശുക്കൾ, 25 ആട്, 300 കോഴികൾ എന്നിവയടങ്ങിയിതാണ് ഫാം. പാൽ, മുട്ട, കോഴിക്കുഞ്ഞുങ്ങൾ എന്നിവയുടെ വില്പനയിലൂടെ പ്രതിമാസം ഒന്നര ലക്ഷം രൂപ മാത്യൂസ് കണ്ടെത്തുന്നു. ബിആർക്ക് ബിരുദധാരിയാണ് മാത്യൂസ് വർഗീസ്.

തളിക്കുളം സ്വദേശി എം എസ് സുനിത മികച്ച മൃഗക്ഷേമപ്രവർത്തകയായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 8 വർഷമായി തെരുവുമൃഗങ്ങളെ സുനിത സംരക്ഷിച്ചുപോരുന്നു. വാഹനാപകടം പറ്റിയതും വഴിയിൽ ഉപേക്ഷിച്ചതുമായ നായ്ക്കൾ, പൂച്ചകൾ എന്നിവയെ സംരക്ഷിക്കുകയും ചികിത്സാസൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. കോവിഡ് കാലത്ത് തെരുവുനായകൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ ശ്രദ്ധ നൽകി. മൃഗാവകാശ പ്രവർത്തനങ്ങളിലും സുനിത സജീവമാണ്. സുനിതയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭർത്താവ് സിന്റോയും മൃഗക്ഷേമ പ്രവർത്തക സാലി വർമയുമുണ്ട്.

ജില്ലാതല കർഷക അവാർഡിന് ചെറുപ്പക്കാരും സ്ത്രീകളും അർഹരാകുന്നത് അഭിമാനകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു. മൃഗങ്ങൾക്ക് പകർച്ചവ്യാധികൾ വരുമ്പോൾ സർക്കാർ നൽകുന്ന നഷ്ടപരിഹാരം, കാലിത്തീറ്റ വിലവർദ്ധനവിൽ സർക്കാർ നടത്തുന്ന ഇടപെടൽ തുടങ്ങിയവ കൃഷിയിലേക്ക് ഇറങ്ങാൻ യുവജനങ്ങളെ സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ അധ്യക്ഷയായി. കാലിത്തീറ്റ വിലവർദ്ധന സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാൻ പദ്ധതിയിനത്തിൽ തുക വകയിരിത്തിയിട്ടുണ്ടെന്ന് കെ എസ് ജയ പറഞ്ഞു.

ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഒ ജി സുരജ പദ്ധതി വിശദീകരണം നടത്തി. കാലിത്തീറ്റ നിർമാണ സാദ്ധ്യതകൾ എന്ന വിഷയം മണ്ണുത്തി കേരള വെറ്റിനറി കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ എം ടി ദീപു അവതരിപ്പിച്ചു. ചടങ്ങിൽ അനിമൽ വെൽഫെയർ ബോർഡ് അംഗം കെ ടി അഗസ്റ്റിൻ, ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫ്രാൻസിസ് ബാസ്റ്റിൻ, ഡോ. എ വി ഷിബു എന്നിവർ പങ്കെടുത്തു.

date