Skip to main content

ക്ലീന്‍ കൊച്ചിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാം: ജില്ലാ കളക്ടര്‍

 

ബ്രഹ്‌മപുരം തീപിടിത്തം; പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചു

 

മാലിന്യ വിമുക്ത കൊച്ചിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച  ബോധവത്കരണ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ആ ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കുമൊപ്പം ജനങ്ങളുടെ കൂടി സഹകരണവും പിന്തുണയും ആവശ്യമാണെന്നും കളക്ടർ പറഞ്ഞു. 

ബ്രഹ്‌മപുരം  തീപിടിത്തത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയിലുണ്ടായ ആശങ്കകളും സംശയങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ എന്‍.ജി.ഒ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുറന്ന ചര്‍ച്ചയ്ക്കും സംശയ നിവാരണത്തിനുമുള്ള വേദിയായിരുന്നു ശില്പശാല. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ പരിഗണിച്ച്  തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കളക്ടര്‍ പറഞ്ഞു. 

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ പരിസ്ഥിതി മലിനീകരണം, ആരോഗ്യം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിലാണ് ശില്പശാല സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സവിത, മലീനികരണ നിയന്ത്രണ ബോര്‍ഡ് എൻവയൺമെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി, കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഹരിത കേരള മിഷൻ മുൻ ജില്ലാ കോ ഓഡിനേറ്ററുമായ സുജിത് കരുണ്‍ എന്നിവരാണ്  ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. 

 

ആസിഡ് മഴയ്ക്ക് സാധ്യതയില്ല

 

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ആസിഡ് മഴയ്ക്ക് സാധ്യതയില്ലെന്നും മലീനികരണ നിയന്ത്രണ ബോര്‍ഡ് എൻവയൺമെന്റല്‍ എഞ്ചിനീയര്‍ പി.ബി ശ്രീലക്ഷ്മി പറഞ്ഞു. ഇതു സംബന്ധിച്ച ആശങ്കകള്‍ വേണ്ട. അന്തരീക്ഷത്തിൽ സൾഫർ ഡയോക്സൈഡിന്റെ അളവ് വർധിക്കുമ്പോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാധ്യതയില്ല.  കടമ്പ്രയാറിലെ  വെള്ളവും പരിശോധിക്കുന്നുണ്ട്. സാമ്പിളുകളുടെ സെക്ടർ പരിശോധനയാണ് നടത്തുന്നത്. 15 ദിവസത്തിനകം ഫലം ലഭിക്കുമെന്നും അത് ജനങ്ങളെ അറിയിക്കുമെന്നും ശ്രീലക്ഷ്മി പറഞ്ഞു. കടലിന്റെ സാമീപ്യമുള്ളതിനാൽ  തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പുക ഭൂരിഭാഗവും കാറ്റിനാൽ ഇല്ലാതായെത്തും അവർ പറഞ്ഞു.

 

മാലിന്യ സംസ്ക്കരണത്തിന്  അനുകരണീയ മാതൃകകൾ സ്വീകരിക്കണം

 

മാലിന്യ സംസ്ക്കരണത്തിന് അനുകരണീയ മാതൃകകൾ സ്വീകരിക്കണമെന്ന്  കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്  ഓഫീസർ സുജിത് കരുണ്‍ പറഞ്ഞു. പ്ലാസ്റ്റിക് ഇനി ബ്രഹ്മപുരത്ത് അനുവദിക്കില്ല. ജൈവ, അജൈവ മാലിന്യങ്ങൾ  തരം തിരിച്ച് നൽകണം. ഉറവിട മാലിന്യ സംസ്ക്കരണമാണ് ഇനി നടപ്പിലാക്കുന്നത്. ജൈമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്ക്കരിക്കരിക്കണമെന്നും അജൈവ മാലിന്യങ്ങൾ വൃത്തിയായി തരം തിരിച്ച് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പാൽ കവറുകൾ, ഫുഡ് കവറുകൾ എന്നിവ കഴുകി നൽകാൻ കഴിയണം. കോർപറേഷൻ പരിധിയിൽ പ്പാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ലീൻ കേരള കമ്പനി  പ്രവർത്തനം തുടങ്ങി. ഹരിത കർമ സേനയുടെ മാതൃകയിൽ നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ആരോഗ്യ സേവനം തേടുന്നവരുടെ എണ്ണത്തില്‍ കുറവ്

ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് തൊണ്ടയ്ക്കും കണ്ണിനും അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ആരോഗ്യ സേവനം തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സവിത പറഞ്ഞു.ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവര്‍ക്കായി ആരോഗ്യവകുപ്പ് മൊബൈല്‍ യൂണിറ്റ്, കണ്‍ട്രോള്‍ റൂമൂകള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്വാസ് ക്ലിനിക്കുകളുടെ സേവനം 11 അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലും സമീപ ഗ്രാമ്രപഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്. പുക ശ്വസിച്ചതുമൂലം ആരോഗ്യപ്രശ്‌നം നേരിട്ടവരെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ആരോഗ്യ സര്‍വേ പുരോഗമിക്കുകയാണ്. സര്‍വേയോട് ജനങ്ങള്‍  സഹകരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡെപ്യൂട്ടി ഡി.എം.ഒ വ്യക്തമാക്കി. കൂടാതെ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. കിടപ്പു രോഗികൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും ഡെപ്യൂട്ടി ഡി.എം.ഒ പറഞ്ഞു.

കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാലയില്‍ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പി.എം ഷഫീഖ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, ആരോഗ്യവകുപ്പ് അഡീഷ്ണല്‍ ഡയറക്ടര്‍ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. അഖിലേഷ് മേനോന്‍, നവകേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ എസ്. രഞ്ജിനി, റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date