Skip to main content

കയറ്റുമതിക്ക് മുമ്പ് മൂല്യവർധനവ് സുപ്രധാനം: ശിൽപശാല

 വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക്  മുമ്പായി  സംരംഭകർ അവരവരുടെ ഉത്പന്നങ്ങളുടെ മൂല്യവർധനവ് നടത്തേണ്ടത് സുപ്രധാനമാണെന്ന് കാർഷിക, വ്യവസായ, ഭക്ഷ്യമേഖലകളിലെ ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യതകളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് ഇൻവെസ്‌റ്റേഴ്‌സ് ഹെൽപ് ഡെസ്‌ക് നടത്തിയ ശിൽപശാല വ്യക്തമാക്കി. വിദേശ വിപണിയിലേക്ക് അയക്കുന്ന ഉത്പന്നങ്ങൾ അവരുടെ അഭിരുചിക്കനുസരിച്ച് വേണം മൂല്യവർധനവ് നടത്താനെന്ന് വിഷയം അവതരിപ്പിച്ച ജില്ലാ വ്യവസായ കേന്ദ്രം റിട്ട. ജനറൽ മാനേജർ സി. രാജൻ പറഞ്ഞു. കേരളത്തിലെ കാപ്പി കുടകിലെ കയറ്റുമതിക്കാർ വാങ്ങി മൂല്യവർധനവ് നടത്തി വിൽക്കുകയാണ്. അത് നമുക്കും ചെയ്യാവുന്നതാണ്. തുടക്കക്കാർക്ക് സ്വന്തമായി ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നതിനേക്കാൾ ലാഭകരവും സുരക്ഷിതവും ഉത്പന്നങ്ങൾ സംഭരിച്ച് മൂല്യവർധനവ് നടത്തി കയറ്റുമതി ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ സംരംഭകർക്ക് കയറ്റുമതി നടത്താനാവശ്യമായ പരമാവധി സഹായം ജില്ലാ പഞ്ചായത്ത് ചെയ്യുമെന്നും അതിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൻ യു പി ശോഭ അധ്യക്ഷയായി. കയറ്റുമതി, ഇറക്കുമതി: നിയമങ്ങളും നടപടി ക്രമങ്ങളും എന്ന വിഷയം ഫോറിൻ ട്രേഡ് കൺസൾട്ടൻറ് മുഹമ്മദ് സിദ്ദീഖ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സെക്രട്ടറി എ വി അബ്ദുല്ലത്തീഫ്‌ , ജില്ലാ വ്യവസായ കേന്ദ്രം മാനേജർ (ഡി പി) പി വി രവീന്ദ്രകുമാർ, കണ്ണൂർ എൽഡിഎം ടി എം രാജ് കുമാർ , എഡിഐഒ (ഡിപി) കെ ഷിബിൻ എന്നിവർ സംസാരിച്ചു.
 

date