Skip to main content

13 നിത്യോപയോഗ സാധനങ്ങൾ സപ്ലൈകോ വിൽക്കുന്നത് 2016ലെ വിലയ്ക്ക്: മന്ത്രി ജി ആർ അനിൽ

  2016ലെ വിലയ്ക്കാണ് 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്‌സിഡിയോടെ മികച്ച ഗുണമേന്മയിൽ  സപ്ലൈകോ ഇപ്പോഴും  വിൽക്കുന്നതെന്ന് പൊതുവിതരണ ഉപഭോക്ത്യ കാര്യ വകുപ്പ് മന്ത്രി അഡ്വ. ജി ആർ അനിൽ പറഞ്ഞു. തലശ്ശേരി സപ്ലൈകോ ഡിപ്പോയുടെ കീഴിൽ ധർമ്മടം ഗ്രാമപഞ്ചായത്തിലെ ചിറക്കുനി സായി കോംപ്ലക്സിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഒരിടത്തും സബ്‌സിഡി ഉത്പന്നങ്ങൾ ഇത്ര കുറഞ്ഞ വിലക്ക് വിൽക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.  പട്ടിണിയുടെ സൂചികയിൽ ഇന്ത്യ ലോകത്ത് 107 എന്ന സ്ഥാനത്താണ്. പക്ഷേ, കേരളത്തിൽ ഇത്‌ കേവലം 0.76 ശതമാനം ആണ്. കേരള സർക്കാരിന്റെ ഫലപ്രദമായ വിപണി ഇടപെടലാണ് ഇതിലേക്ക് നയിച്ചത്. മാഹി ഉൾപ്പെടുന്ന പുതുച്ചേരിയിൽ പൊതു വിപണിയിൽ നിന്ന് സർക്കാർ പൂർണമായും പിന്മാറിക്കഴിഞ്ഞു. നമ്മുടെ രാജ്യത്തിന്റെ പൊതുനയത്തിന്റെ ഭാഗമായുള്ള സാമ്പിൾ ആണ് കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലും ചണ്ഡീഗഡിലും നടപ്പിലാക്കുന്നത്. ഈ പിൻവാങ്ങൽ കാരണം  പുതുച്ചേരിയിലും ചണ്ഡീഗഡിലും പൊതു വിതരണ രംഗത്ത് റേഷൻ കടകൾ കഴിഞ്ഞ ഒരു വർഷത്തോളമായി അടഞ്ഞു കിടക്കുകയാണ്. 18 റേഷൻ കടകളുള്ള മാഹിയുടെ കാര്യം ആർക്കു വേണമെങ്കിലും അന്വേഷിക്കാം-മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ കെ രവി ആദ്യവില്പന നടത്തി.  മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പഞ്ചായത്ത്‌ അംഗം കോങ്കി രവീന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി സീമ,  പഞ്ചായത്ത്‌ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എം പി മോഹനൻ, സപ്ലൈകോ കോഴിക്കോട് അസി. മേഖല മാനേജർ കെ കെ മനോജ്‌ കുമാർ, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി അനിൽ, സി ഗിരീശൻ, കുന്നുമ്മൽ ചന്ദ്രൻ, എം കെ മജീദ്, ടി കെ കനകരാജ്, കൊക്കോടൻ ലക്ഷ്മണൻ, അജയകുമാർ മീനോത്ത്, എം സുരേഷ് ബാബു (വ്യാപാരി വ്യവസായി സമിതി) എന്നിവർ സംസാരിച്ചു.

date