Skip to main content
കുമരകത്തു നടക്കുന്ന ജി 20 യോഗത്തിനായി വിവിധ വകുപ്പുകൾ നടത്തുന്ന ഒരുക്കം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം

ജി 20; ഒരുക്കങ്ങൾ 25നകം പൂർത്തീകരിക്കും

കോട്ടയം: ജി 20 ഉച്ചകോടിയുടെ ഭാഗമായി കുമരകത്തു നടക്കുന്ന ജി 20 ഷെർപ്പ സമ്മേളനത്തിന്റെയും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളുടേയും സുഗമമായ നടത്തിപ്പിനായുള്ള പശ്ചാത്തലസൗകര്യമൊരുക്കൽ മാർച്ച് 25നകം പൂർത്തീകരിക്കും. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളുടെ പുരോഗതി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. മാർച്ച് 30 മുതലാണ് ഷെർപ്പ യോഗം നടക്കുന്നത്. മാർച്ച് 25നകം കുമരകത്തേയ്ക്കുളള റോഡ് നവീകരണം     അടക്കമുള്ള   പശ്ചാത്തലസൗകര്യങ്ങളൊരുക്കൽ പൂർത്തിയാക്കണമെന്നു ജില്ലാ കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. റോഡ്-ജലഗതാഗത സൗകര്യങ്ങൾ വിലയിരുത്തി.
സമ്മേളനം നടക്കുന്ന കെ.ടി.ഡി.സി. വാട്ടർസ്‌കേപ്പ് വേദിയിലേക്ക് പ്രതിനിധികളെ എത്തിക്കാനുള്ള നടപടികളും വിലയിരുത്തി. ഹൗസ്ബോട്ടുകളും ഏഴു ബോട്ടുകളും സമ്മേളനത്തിനായി ഒരുക്കിയിട്ടുണ്ട്. രണ്ട് അത്യാധുനിക സൗകര്യങ്ങളുള്ള അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസും മെഡിക്കൽ ടീമടക്കമുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കായലിലെയടക്കം സുരക്ഷാ ക്രമീകരണങ്ങളും യോഗം വിലയിരുത്തി. സമ്മേളനത്തിന്റെ ഭാഗമായി 100 കോളജ് വിദ്യാർഥികൾക്ക് പ്രതിനിധികളുമായി സംവദിക്കാൻ അവസരം ലഭിച്ചേക്കും.
സബ് കളക്ടർ സഫ്‌ന നസറുദീൻ, പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജോയി ജനാർദനൻ, തദ്ദേശസ്വംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഡി.എഫ്.ഒ. എൻ. രാജേഷ്, ആർ.ടി.ഒ. കെ. ഹരികൃഷ്ണൻ, സ്്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അനീഷ് വി. കോര, ഡിവൈ.എസ്.പി. കെ.ജി. അനീഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date