Skip to main content

റാന്നി വലിയ പാലം: വില നിര്‍ണയ നടപടികള്‍ അവസാനഘട്ടത്തില്‍

റാന്നി വലിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളില്‍ നിന്നും വിലകൊടുത്ത് ഏറ്റെടുക്കുന്നതിനായി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അനുമതിക്കായി സമര്‍പ്പിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പത്തനംതിട്ടയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന വസ്തുവിന്റെ ബേസിക് വാല്യൂ റിപ്പോര്‍ട്ട് (ബി വി ആര്‍ )  അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വസ്തുവില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദേഹണ്ഡങ്ങളുടെയും മറ്റ് നിര്‍മിതികളുടെയും  വിശദവിലനിര്‍ണയ സ്റ്റേറ്റ്‌മെന്റ്് (ഡി വി ആര്‍ - ഡീറ്റെയില്‍ഡ് വാല്യു റിപ്പോര്‍ട്ട്) തയാറാക്കും.  വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനമായ 19 (1) പ്രസിദ്ധീകരിക്കുന്നതിന് പ്രാഥമിക വിജ്ഞാപന കാലാവധി 12/07/2023 വരെ നീട്ടി ഉത്തരവായിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.                  
കിഫ്ബി ഫണ്ടില്‍ നിന്നും 26 കോടി രൂപ അനുവദിച്ച റാന്നി വലിയ പാലത്തിന്റെ നിര്‍മാണം, അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തില്ല എന്ന കാരണത്താല്‍ ഇടയ്ക്കു വച്ച്  മുടങ്ങുകയായിരുന്നു. എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണം പുനരാരംഭിക്കുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നീണ്ടത് നിര്‍മാണം വൈകാനിടയാക്കി. പ്രമോദ് നാരായണ്‍ എം എല്‍ എ  ഇടപെട്ട് റവന്യൂ വകുപ്പ് എല്‍എ വിഭാഗത്തിന്റെ നിരവധി യോഗങ്ങള്‍ വിളിച്ചാണ് തടസങ്ങള്‍ ഓരോന്നായി നീക്കിയത്. സ്ഥലം ഏറ്റെടുപ്പിന്റെ നടപടികള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് എത്തിനില്‍ക്കുകയാണ്.
പാലത്തിന് അങ്ങാടി കരയില്‍ ഉപാസനകടവില്‍ നിന്നും പേട്ട ജംഗ്ഷന്‍ വരെയും റാന്നി കരയില്‍  പെരുമ്പഴ കടവില്‍ നിന്നും ബ്ലോക്ക് പടി വരെയും ഉള്ള അപ്രോച്ച് റോഡുകള്‍ക്കാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. കിഫ്ബി മുഖാന്തരം നിര്‍മിക്കുന്ന  പദ്ധതിയായതിനാല്‍ അപ്രോച്ച് റോഡിന് കുറഞ്ഞത് 10 മീറ്റര്‍ വീതി  വേണമെന്ന് നിബന്ധനയും ഉണ്ട്. ഇത് അനുസരിച്ചാണ് ഇപ്പോള്‍ സ്ഥലം അളന്ന് കല്ലിട്ട് തിട്ടപ്പെടുത്തി വില നിര്‍ണയ നടപടികള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.

date