Skip to main content

ആരോഗ്യജാഗ്രത - ഡ്രൈ കണ്ടെയ്‌നര്‍ എലിമിനേഷന്‍ മാര്‍ച്ച് 20ന്

ജില്ലയില്‍ വേനല്‍മഴ തുടരുന്നതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈസാഹചര്യത്തില്‍ പൊതു സ്ഥലങ്ങളും, സ്ഥാപനങ്ങളും, വീടും, പരിസരവും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍.അനിതകുമാരി അറിയിച്ചു.ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന കൊതുക്,കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം. സ്ഥാപനങ്ങളിലും,വീടുകളിലും ആശുപത്രികളിലും, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടത്തണം. കൊതുക്ജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിടത്തിന്റെ ടെറസ്,സണ്‍ഷേഡുകള്‍, പരിസരം എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളംഒഴുക്കിക്കളയുകയും പാഴ്വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കം ചെയ്യണം. വീട്ടുമുറ്റത്തും പരിസരങ്ങളിലും എറിഞ്ഞു കളഞ്ഞപാത്രങ്ങള്‍ ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. ഇവ സുരക്ഷിതമായി സംസ്‌ക്കരിക്കുകയോ, വെള്ളം കയറാതെ കമിഴ്ത്തി സൂക്ഷിക്കുകയോ വേണം. കമുകിന്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും റബര്‍മരങ്ങളില്‍വെച്ചിട്ടുള്ള ചിരട്ടകളിലും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിടാം. വീടിനുള്ളില്‍ ചെടിച്ചട്ടികള്‍ക്ക് താഴെവെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കല്‍ ഇവ വൃത്തിയാക്കേണ്ടതാണ്. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ ഉള്‍വശം ഉരച്ചു കഴുകി വൃത്തിയാക്കി ഉണക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുകയും വേണം. സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ചുള്ള വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മൂടാന്‍ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കല്‍ വീടും പരിസരവും വൃത്തിയാക്കി എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു

date