Skip to main content

തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി

*ഡിസംബർ 31 ഓടെ മാലിന്യമുക്ത കേരളം ലക്ഷ്യം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്.

'കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ

കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾകുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ അത്രയും വെള്ളം സംഭരിക്കപ്പെടുന്നു. ഇത് ഭൂഗർഭജലവിതാനം ഉയർത്തുന്നു, ' മന്ത്രി പറഞ്ഞു.

ലോക ജലദിനത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 1000 കുളങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വാമനപുരം കളമച്ചലിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 1081 കുളങ്ങളാണ് നിർമിച്ചത്.

ജലസംഭരണ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചൂട് കൂടുന്നു. കാലാവസ്ഥയിൽ തീവ്രമായ വ്യതിയാനം സംഭവിക്കുന്നു. ഇത് ചെറുക്കാനാണ് 'ഹരിതകേരളം',  'നീരുറവ്പോലുള്ള പദ്ധതികളിലൂടെ സർക്കാർ ശ്രമിക്കുന്നത്.

ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തുന്നത്. രാജ്യത്ത് മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതിയിൽ 100 ശതമാനം സോഷ്യൽ ഓഡിറ്റ് നടക്കുന്നതിനാൽ അഴിമതിയും ക്രമക്കേടും കണ്ടെത്താനുള്ള സംവിധാനമുണ്ട്.

കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 90 ശതമാനവും  സ്ത്രീകൾ ആണെന്നതിനാൽ സ്ത്രീ ശക്തിയുടെ കൂടി വിജയമാണ് പദ്ധതിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ തൊഴിൽ ദിനങ്ങളും വരുമാനവും സ്ത്രീകൾക്ക് ലഭിക്കുന്നു. സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നു.

തൊഴിലുറപ്പ് പദ്ധതിയെ മാലിന്യസംസ്‌കരണവുമായും ബന്ധിപ്പിക്കാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യ സംസ്‌ക്കരണം പ്രാഥമികമായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ അത് മാലിന്യം ഉൽപ്പാദിപ്പിക്കുന്ന വ്യക്തിയുടെയും സംസ്ഥാന സർക്കാരിന്റെയും കൂടി ഉത്തരവാദിത്തമാണ്.

ഒരാൾ ഉണ്ടാക്കുന്ന മാലിന്യം സംസ്‌കരിക്കാൻ അയാൾക്ക് ഉത്തരവാദിത്തമുണ്ട് എന്നത് ചിലർ അംഗീകരിക്കുന്നില്ല. അത്തരക്കാർ ഹരിതകർമ്മസേനക്ക് യൂസർ ഫീ കൊടുക്കാൻ മടിക്കുന്നു.  എന്നാൽ ഇവരിൽ നിന്ന് യൂസർ ഫീ നികുതിയുടെ കൂടെ ചേർത്ത് പിരിക്കാൻ ആണ് സർക്കാർ തീരുമാനം.

തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഹരിതകർമസേനയെ മന്ത്രി അഭിനന്ദിച്ചു.  1000 കുളങ്ങൾ നിർമിക്കാൻ ലക്ഷ്യമിട്ടയിടത്ത് 1081 കുളങ്ങൾ പൂർത്തിയാക്കിയതായി തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു.

മെയ് 20 ഓടെ കുളങ്ങളുടെ എണ്ണം 2000 ആയി ഉയർത്താനാണ് പദ്ധതി.  അതുപോലെ ഡിസംബർ 31നകം കേരളത്തെ മാലിന്യ മുക്തമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ ശ്രീവിദ്യജില്ലാ പഞ്ചായത്ത് അംഗം ബിൻഷ ബി ഷറഫ്മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ അനു കുമാരി തുടങ്ങിയവർ സംസാരിച്ചു.

പി.എൻ.എക്‌സ്. 1402/2023

date