Skip to main content

മാലിന്യ സംസ്കരണ നിയമലംഘനം: എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു 

 

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലയിൽ  പ്രത്യേക ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തി ഉത്തരവായി. ജില്ലയെ രണ്ട് മേഖലകളായി തിരിച്ചാണ് സ്‌ക്വാഡുകൾ രൂപീകരിച്ചത്.  ജില്ലാതലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനും ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ജില്ലാതല നോഡൽ ഓഫീസറുമായി ജില്ലാതല സെക്രട്ടറിയേറ്റും നിലവിൽ വന്നു.

ഇന്റേണൽ വിജിലൻസ് വിംഗിൽ നിന്നും ജൂനിയർ സൂപ്രണ്ട് പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥൻ ടീം ലീഡറായിരിക്കും. ജില്ലാ ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസറും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടറും നിശ്ചയിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ, പരിശോധന സമയത്തെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിക്കുള്ളിലെ പോലീസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡിലെ സാങ്കേതിക വിദഗ്ധൻ എന്നിവർ അടങ്ങിയതാണ് എൻഫോഴ്സ്മെന്റ് ടീം.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിയമ-ചട്ട ലംഘനങ്ങൾ കണ്ടെത്തൽ, അനധികൃതമായി നിക്ഷേപിച്ച മാലിന്യം പിടിച്ചെടുക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ സംഭരണം, വിൽപ്പന മുതലായ ശുചിത്വ-മാലിന്യ നിയമങ്ങൾ, ചട്ടങ്ങൾ, ഉത്തരവുകൾ എന്നിവക്ക് വിരുദ്ധമായ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ അധികാരം നൽകിയാണ് എൻഫോഴ്സ്‌മെന്റ് ടീം രൂപീകരിച്ചത്. ടീം നാളെ മുതൽ പ്രവർത്തനക്ഷമമാകും.

date