എൻ എസ് എസ് ഒ ബോധവൽക്കരണ ക്യാമ്പയിൻ മന്ത്രി ആർ ബിന്ദു ഇന്ന് ഉദ്ഘാടനം ചെയ്യും
നാഷണൽ സാമ്പിൾ സർവേ ഓഫീസ് കേരള നോർത്ത് റീജണൽ ഓഫീസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിൻ ഇന്ന് (25.03.2023) രാവിലെ 9.30 ന് തൃശൂർ കേരളവർമ്മ കോളേജിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. എൻഎസ്എസ്ഒയുടെ പ്രവർത്തനങ്ങളും നാഷണൽ സാമ്പിൾ സർവേകളും എന്ന വിഷയത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഡാറ്റ സുസ്ഥിര വികസനത്തിന്, ഡാറ്റയുടെ ഉപയോഗവും വിദ്യാർത്ഥികൾക്കുള്ള അവസരങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയ്ക്ക് എൻഎസ്എസ്ഒ ബാംഗ്ലൂർ സോൺ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സജി ജോർജ്, തിരുവനന്തപുരം റീജണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിത ഭാസ്കർ, കോയമ്പത്തൂർ റീജണൽ ഓഫീസ് ഡയറക്ടർ ഇ എം വിബീഷ്, കോഴിക്കോട് റീജണൽ ഓഫീസ് ഡയറക്ടർ എഫ് മുഹമ്മദ് യാസിർ എന്നിവർ നേതൃത്വം നൽകും.
ചടങ്ങിൽ കേരളവർമ്മ കോളേജ് പ്രിൻസിപ്പൽ വി എ നാരായണമേനോൻ, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ സിൻസിമോൾ ആന്റണി കെ, എൻഎസ്എസ്ഒ സബ് റീജണൽ ഓഫീസ് സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോളി വർഗീസ് എന്നിവർ സംസാരിക്കും. ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.
- Log in to post comments