Skip to main content

മാലിന്യ സംസ്‌കരണം: നിയമലംഘനങ്ങൾ കണ്ടെത്താൻ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി പ്രത്യേക എൻഫോഴ്‌സ്‌മെന്റ് സംവിധാനം രൂപീകരിക്കുന്നു. അനധികൃത മാലിന്യ സംസ്‌കരണം തടയുന്നതിനുവേണ്ടിയുള്ള മാർഗനിർദേശങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പുറപ്പെടുവിച്ചു.
കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സ്പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുൾപ്പെടെയുള്ള അധികാരങ്ങൾ ഈ സ്‌ക്വാഡുകൾക്കുണ്ടാവും. സംസ്ഥാനത്താകെ നിയമിക്കുന്ന 23 സ്‌ക്വാഡുകൾക്ക് സ്വമേധയാലോ, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ പരിശോധനകൾ നടത്താം. ചില ജില്ലകളിൽ ഒന്നും ചിലതിൽ രണ്ടും വീതമായിരിക്കും സ്‌ക്വാഡുകൾ നിയമിക്കുന്നത്. കണ്ണൂരിൽ രണ്ട് സ്‌ക്വാഡുകൾ ഉണ്ടായിരിക്കും.
ഒരു മാസത്തിൽ കുറഞ്ഞത് 20 തവണയെങ്കിലും പരിശോധനകൾ നടത്താനാണ് നിർദേശം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കാനും ആവശ്യമെങ്കിൽ കർശന നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡുകളെ ചുമതലപ്പെടുത്തും.
അനധികൃതമായി നിക്ഷേപിച്ച മാലിന്യങ്ങൾ പിടിച്ചെടുക്കാനും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സംഭരണം തടയാനും സ്‌ക്വാഡുകൾ പ്രവർത്തിക്കും. അതോടൊപ്പം ചട്ടങ്ങൾക്ക് വിരുദ്ധമായി മാലിന്യങ്ങളും ഉത്പന്നങ്ങളും കടത്താനുപയോഗിക്കുന്ന വണ്ടികളും പോലീസിന്റെ സഹായത്തോടെ പിടിച്ചെടുക്കും.
പാതയോരങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യ സംസ്‌കരണ രീതികളും സ്‌ക്വാഡുകൾ പരിശോധിക്കും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതോ, തോടുകളിലും കാനകളിലും മറ്റു ജലാശയങ്ങളിലും ഖരമാലിന്യങ്ങൾ നിക്ഷേപിക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ അവ  നിർമാർജ്ജനം ചെയ്യുന്നതിനും അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള നിർദേശങ്ങളും സഹായങ്ങളും സ്‌ക്വാഡുകൾ നൽകും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽനിന്നുള്ള പരാതികൾ സ്വീകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. അതിനു പുറമെ ശാസ്ത്രീയവും നിയമപരവുമായിട്ടുള്ള സംസ്‌കരണ പ്രവർത്തനങ്ങൾക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾക്കെതിരെയും നടപടി എടുക്കും.
ജില്ലാതലത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ചെയർമാനായും, ജില്ലാ ശുചിത്വ മിഷൻകോ ഓർഡിനേറ്റർ ജില്ലാതല നോഡൽ ഓഫീസറായും എൻഫോഴ്‌സ്‌മെന്റ് സെക്രട്ടറിയേറ്റ് രൂപീകരിക്കും. സ്‌ക്വാഡുകളുടെ മേധാവി തദ്ദേശ സ്വയം ഭരണ വകുപ്പ് പെർഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനിൽ നിന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുൾപ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്‌ക്വാഡിലും അംഗങ്ങൾ. സ്‌ക്വാഡിന്റെ പ്രവർത്തന ആസ്ഥാനം ജില്ല ശുചിത്വ മിഷൻ ഓഫീസായിരിക്കും.

date